- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂത്താൻകെട്ടിൽ എത്തിയത് ഏകദേശം 20 വയസുള്ള, വലിപ്പം കൂടിയ കടുവ; പ്രായം കൂടിയ കടുവ എളുപ്പത്തിൽ ഇവിടം വിട്ടു പോകാൻ സാധ്യതയില്ലെന്നും വനംവകുപ്പ്; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുക്കം
കോതമംഗലം: ഭൂത്താൻകെട്ടിൽ എത്തിയത് ഏകദേശം 20 വയസുള്ള, വലിപ്പം കൂടിയ കടുവയെന്നും ഇത് ഇവിടം വിട്ടു പോകാൻ സാധ്യതയില്ലെന്നും അനുമാനം. ഇന്ന് വനം വകുപ്പ് അധികൃതർ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച കുട്ടമ്പുഴ കൂട്ടിക്കൽ ഭാഗത്തെത്തി കാൽപ്പാടുകൾ പരിശോധിച്ചു. ഇതെത്തുടർന്നാണ് കടുവയുടെ പ്രായവും വലിപ്പവും സംബന്ധിച്ച് സൂചന ലഭിച്ചത്.
പ്രായക്കൂടുതൽ ഉള്ളതിനാൽ കടുവ ഈ പ്രദേശം വിട്ടുപോകാൻ ഇടയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എതാനും ദിവസം മുമ്പ് ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും കൂട്ടിക്കൽ ഭാഗത്തെ ജനവാസ മേഖലയ്ക്ക് സമീപവും കടുവ എത്തിയതായിട്ടാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രദേശത്ത് രാത്രികാലങ്ങളിൽ കടുവയുടെ മുരൾച്ച കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ കടുവ എത്തിയതായി സ്ഥിരീകരിച്ചത് പരക്കെ ആശങ്ക പരത്തിയിട്ടുണ്ട്.
ഇന്നലെ വനം വകുപ്പധികൃതർ പ്രദേശം സന്ദർശിക്കുകയും കാൽപാടുകൾ പരിശോധിച്ച് കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ക്യാമറ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് വനം വകുപ്പ് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
നേരത്തെ ഭൂതത്താൻകെട്ടിൽ പുലിയെ കണ്ടെത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. വനം വകുപ്പ് നേരത്തെ നടത്തിയ സർവ്വേയിൽ ഭൂതത്താൻകെട്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന വനമേഖലയിൽ പുലിയുടെയും കടുവയുടെയും സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.