കണ്ണൂർ: പയ്യാമ്പലം ബീച്ചിന് സമീപം കർണാടക സ്വദേശിയായ വിനോദസഞ്ചാരി കടലിൽ ഒഴുക്കിൽപെട്ടു. കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരു സ്വദേശി പവൻ (30) ആണ് അപകടത്തിൽപെട്ടത്. പയ്യാമ്പലം ബീച്ച് റോഡിൽ പള്ളിയാമൂല പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സഭവം.

സമീപത്തെ റിസോർട്ടിൽ താമസിക്കുകയായിരുന്ന പവൻ നാല് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ രക്ഷാബോട്ടും സ്ഥലത്തെത്തിയിരുന്നു. കോസ്റ്റൽ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.