കോട്ടയം: ഓടുന്ന ട്രെയിനിൽനിന്ന് എടുത്തുചാടിയ യുവാവിന് ഗുരുതരപരിക്ക്. കൊല്ലം ചവറ സ്വദേശി അൻസാർ ഖാൻ ആണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിൽനിന്ന് പുറത്തേക്ക് ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30-ഓടെ ട്രെയിൻ തലയോലപ്പറമ്പിൽ എത്തിയപ്പോഴായിരുന്നു സംഭവം. ദൃശ്യങ്ങൾ വൈറലാണ്. റെയിൽവേ പൊലീസ് കേസെടുത്തേക്കും.

ട്രെയിനിന്റെ വാതിലിൽ ചവിട്ടുപടിയിൽനിന്ന് അപകടകരമായ രീതിയിലാണ് അൻസാർ യാത്രചെയ്തിരുന്നത്. ഇത് കണ്ട് യാത്രക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രക്കാരും പൊലീസുകാരും അകത്തേക്ക് കയറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും യുവാവ് വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് ഓടുന്ന ട്രെയിനിൽനിന്ന് അൻസാർ പുറത്തേക്ക് ചാടിയത്. ആത്മഹത്യാ ശ്രമമായിരുന്നോ എന്നും സംശയമുണ്ട്. ഏതായാലും പൊലീസ് വിശദ അന്വേഷണം നടത്തും.

വീഴ്ചയിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.