- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി മധ്യേ എൻജിൻ പണിമുടക്കി; തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകളോളം
തിരുവനന്തപുരം: യാത്രക്കിടെ എൻജിൻ പണിമുടക്കിയതിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. കൊല്ലം-തിരുവനന്തപുരം സ്പെഷൽ എക്സ്പ്രസിന്റെ (06423) ലോക്കോ എൻജിനാണ് ഞായറാഴ്ച രാവിലെ എട്ടോടെ കടയ്ക്കാവൂരിന് സമീപം പണിമുടക്കിയത്. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നീണ്ടു പോകുകയായിരുന്നു.
ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ പിന്നാലെ വന്ന ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. തകരാർ തീർന്ന് സർവിസ് പുനരാരംഭിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കൊച്ചുവേളിയിൽനിന്ന് ലോക്കോ എൻജിൻ എത്തിച്ച് ട്രെയിനിനെ തിരുവനന്തപുരത്തേക്ക് മാറ്റി.
ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പിന്നാലെ വന്ന മലബാർ, ഇന്റർസിറ്റി, ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്, ജയന്തി ജനത എന്നിവ രണ്ട് മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്തെത്തിയത്. വിവിധയിടങ്ങളിൽ ട്രെയിനുകൾ നിർത്തിയിട്ടതോടെ യാത്രക്കാരും വെട്ടിലായി. എന്താണ് സംഭവിച്ചതെന്നോ എപ്പോൾ തകരാറ് പരിഹരിക്കുമെന്നോ അറിയാൻ വഴിയുണ്ടായില്ല.
അവധി ദിവസമായതിനാൽ ട്രെയിനുകളിൽ തിരക്ക് കുറവായിരുന്നു. അതേസമയം ദീർഘദൂര യാത്രക്കാർ ശരിക്കും പെട്ടു. ഇവരെ കൂട്ടാനായി തമ്പാനൂരിലടക്കം എത്തിയവരും കാര്യമറിയാതെ വലഞ്ഞു. എൻജിൻ നിലയ്ക്കാൻ എന്താണ് കാരണമെന്ന പരിശോധനകൾ പുരോഗമിക്കുകയാണ്.
മറുനാടന് ഡെസ്ക്