തൃശൂർ: ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വന്മരം ഒടിഞ്ഞു വീണു. ജനറൽ ആശുപത്രിക്ക് സമീപം കോളജ് റോഡിലാണ് മരം വീണത്. മരത്തിനടിയിൽപ്പെട്ട് ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. രാവിലെയാണ് അപകടം. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും മരം പൊട്ടി വീഴുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കാൻ ശ്രമം തുടങ്ങി. തൃശൂർ സെന്റ് തോമസ് കോളജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്.

കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കളക്റ്റ്രേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗണിൽ വെസ്റ്റ് സ്റ്റേഷന്റെ മതിലും ചുമരും തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും മരം വീണ് അപകടമുണ്ടായതും ഈ ആഴ്ചയിലാണ്.