- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്ഷാപ്രവര്‍ത്തനത്തിന് കൈ കോര്‍ത്ത് നാട്; ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താല്‍ക്കാലിക ആശുപത്രി സജ്ജീകരിച്ചെന്ന് ആരോഗ്യമന്ത്രി
മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ ചുരല്‍മലയില്‍ താല്‍ക്കാലിക ആശൂപത്രി സജ്ജീകരിച്ചു. ചൂരല്‍മലയിലെ പോളിടെക്നിക്കല്‍ കോളേജിലാണ് താല്‍ക്കാലിക ആശൂപത്രി സജ്ജമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിനുപുറമേ അടിയന്തര സേവനങ്ങള്‍ നല്കാന് ചൂരല്‍മല പള്ളിയിലും മദ്രസയിലും ക്ലിനിക്കല്‍ സേവനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് അഞ്ച് ക്യാമ്പുകള്‍ കൂടി ആരംഭിക്കും. ഇതുവരെ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 250 പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിലവിലെ വിവരം.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. അപകടമുണ്ടായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. ഉരുള്‍പൊട്ടലില്‍ 38 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലുണ്ട്.
പുഴയിലൂടെ ചാലിയാറിലെ മുണ്ടേരിയില്‍ ഏഴു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. മുണ്ടകൈയ്ക്ക് രണ്ടുകിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറുമൃതദേഹങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ദുരന്തത്തില്‍ മരിച്ച 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞുമൊയ്തീന് (65), ഗീരീഷ് (50), റുക്സാന (39), ലെനിന്, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്.മേപ്പാടി മിംസില്‍ 77 പേരെ എത്തിച്ചിട്ടുണ്ട്.
ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏഴുപേര്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങള്‍ വിലയിരുത്തി. നിലവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കും.
കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്കി. റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്നും വിലയിരുത്തി. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്പെഷ്യല്‍ ഓഫിസര്‍
വയനാട് ജില്ലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്കുന്നതിനുമായാണു സ്പെഷ്യല്‍ ഓഫിസറെ നിയോഗിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.