അടിമാലി : ആശുപതിയിലേക്ക് കൊണ്ടുപോകും വഴി ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളമ്പളാശ്ശേരി ആദിവാസികുടിയിലെ മാളുവാണ് ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകിയത്.

ഇന്ന് രാവിലെ പ്രസവ വേദന അനുഭവപ്പെട്ട ഉടൻ മാളുവിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. കുടിയിൽ നിന്ന് ഏറ്റവും അടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. ആംബുലസ് വിളിച്ചെങ്കിലും കിട്ടാതിരുന്നതിനാൽ വീട്ടിൽ നിന്നും പാതിവഴി വരെ എത്തിച്ചത് ജീപ്പിലായിരുന്നു. തുടർന്ന്, അവിടെ നിന്നും ആംബുലൻസ് ലഭിച്ചു. എന്നാൽ, ആശുപത്രിയിലേയ്ക്ക് ഏതാണ്ട് 4 കിലോമീറ്റർ അവശേഷിക്കെ ചാറ്റുപാറയിൽ എത്തിയപ്പോൾ പ്രസവിക്കുകയായിരുന്നു.

ആംബുലൻസിൽ യുവതിയുടെ ഭർത്താവും ആംബുലസ് ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷയായത്.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് വീട്ടുകാർ പങ്കിടുന്ന വിവരം