തിരുവനന്തപുരം: കേരള തീരദേശപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും

സംസ്ഥാന സർക്കാരിന്റെ സുപ്രധാന പരിപാടികളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന പ്രധാന പരിപാടികളിലാണ് ഇവരുടെ സേവനം ഉപയോഗിക്കുക.

കേൾവി വൈകല്യമുള്ള ധാരാളം ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളിൽ അതത് വകുപ്പുകൾക്ക് ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മണിക്കൂറിന് 1000 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും.

കേരള പുരസ്‌കാരം-മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.

പുരസ്‌കാര നിർണയ സമിതികളായ പ്രാഥമിക പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിവ സർച്ച് കമ്മിറ്റിയായി കൂടി പ്രവർത്തിക്കുന്നതിന് അനുവദിക്കും. ആവശ്യമെങ്കിൽ ഉചിത വ്യക്തികളെ പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യുന്നതിന് സമിതികളെ ചുമതലപ്പെടുത്തും.

പത്മാ പുരസ്‌കാരങ്ങൾ (പത്മവിഭൂഷൺ/പത്മഭൂഷൻ/പത്മശ്രീ) നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങൾക്ക് പരിഗണിക്കില്ല. സംസ്ഥാനത്ത് പത്തുവർഷമെങ്കിലും താമസിച്ചുവരുന്ന/താമസിച്ചിരുന്ന ഭാരത പൗരന്മാരെ പരിഗണിക്കും.