- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് ട്വന്റി 20
കൊച്ചി: കേരളത്തിൽ സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് ട്വന്റി 20.പാർട്ടിയുടെ പ്രസിഡണ്ട് സാബു എം. ജേക്കബിനെതിരെ പൂത്തൃക്കയിലെ മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ എടുക്കുന്ന ഓരോ കള്ളക്കേസും, ജനാധിപത്യത്തിന്റെ മുഖത്തേല്പിക്കുന്ന വെട്ടുകളാണ്.
പൊലീസ്-നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ട്വന്റി20 പാർട്ടിയുടെ പ്രസിഡണ്ട് സാബു എം. ജേക്കബിനെ നിശബ്ദമാക്കാൻ സിപിഎമ്മും കുന്നത്തുനാട് എംഎൽഎയും ശ്രമിക്കുന്നു. രാഷ്ട്രീയവിമർശനങ്ങളെ സിപിഎം കടുത്ത അസഹിഷ്ണുതയോടെയാണ് കാണുന്നത്.
ജനാധിപത്യവ്യവസ്ഥയിൽ സർക്കാരുകളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനുമുണ്ട്. വിവിധവകുപ്പുകൾ ചേർത്ത് സിപിഎം അണികൾ സംഘടിതമായി സാബു എം. ജേക്കബിനെതിരെ നൽകുന്ന കേസുകൾ ഈ രാജ്യത്തിന്റെ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത് നിയമവ്യവസ്ഥയെയും പൊലീസ് സംവിധാനങ്ങളെയും ദുരുപയോഗിക്കലാണ്.
ഇങ്ങനെ പോയാൽ കേരളത്തിൽ മുഖ്യമന്ത്രിയെയോ, മന്ത്രിമാരെയോ, ജനപ്രതിനിധികളെയോ വിമർശിക്കാനോ, രാഷ്ട്രീയപ്രസംഗങ്ങൾ നടത്താനോ ആർക്കും കഴിയാതെ വരും. ഉത്തരകൊറിയൻ മോഡൽ ഭരണമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഎമ്മിന്റെ സംഘടനാശേഷിയെത്തന്നെ നിഷ്പ്രഭമാക്കുന്നതരത്തിൽ ട്വന്റി20 പാർട്ടി പൂത്തൃക്കയിൽ മഹാസമ്മേളനം നടത്തിയതിലും കേരളം മാറിമാറി ഭരിച്ച മുന്നണികൾക്ക് ചിന്തിക്കാൻ പോലുമാകാത്ത കർമ്മപദ്ധതികൾ പ്രഖ്യാപിച്ചതിലുമുള്ള വൈരാഗ്യമാണ് സാബു എം. ജേക്കബിനെതിരെ ഒരിക്കലും നിലനിൽക്കില്ലാത്ത കള്ളകേസുകൾ എടുക്കാൻ കാരണമായത്.
മുഖ്യമന്ത്രിയും എല്ലാമന്ത്രിമാരും പങ്കെടുത്ത നവകേരളസദസ്സിനേക്കാൾ നാലിരട്ടി ആളുകളെ പങ്കെടുപ്പിച്ചു അതേവേദിയിൽത്തന്നെ ട്വന്റി20 മഹാസമ്മേളനം സംഘടിപ്പിച്ചതിനുശേഷം എറണാകുളം ജില്ലയിൽ സിപിഎമ്മിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതാണ് സിപിഎമ്മിനെയും കുന്നത്തുനാട് എംഎൽഎയെയും വിറളി പിടിപ്പിക്കുന്നത്.