- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ലോക്‌സഭാമണ്ഡലങ്ങളിൽ നിർണ്ണായക ശക്തി; ട്വന്റി20 മഹാസമ്മേളനം ഫെബ്രുവരി 25ന് കിഴക്കമ്പലത്ത്; സമ്മേളനത്തെ പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ് അഭിസംബോധന ചെയ്യും
കൊച്ചി: ട്വന്റി20 പാർട്ടിയുടെ മഹാസംഗമം ഫെബ്രുവരി 25 ഞായറാഴ്ച വൈകുന്നേരം 5:30 ന് കിഴക്കമ്പലം ട്വന്റി20 നഗറിൽ വച്ച് നടക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാസംഗമത്തെ അഭിസംബോധന ചെയ്ത് ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് സംസാരിക്കും. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പ്രഭാഷണം നടത്തും.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ നടക്കുന്ന മഹാസമ്മേളനത്തെ ഏറെ പ്രസക്തിയോടെയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ചാലക്കുടി, എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിങ്ങനെ ആറ് ലോക്‌സഭാമണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയായി ട്വന്റി20 പാർട്ടി മാറിക്കഴിഞ്ഞു.
കഴിഞ്ഞ ജനുവരി 21-ന് പൂതൃക്കയിൽ പഞ്ചായത്തുതലത്തിൽ നടത്തിയ മഹാസമ്മേളനനം ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവുകൊണ്ടും കേരളത്തിലെ എല്ലാ രാഷ്ട്രീയമുന്നണികളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.
പൂതൃക്കയിലെ മഹാസമ്മേളനത്തിൽവച്ച്, ട്വന്റി20 പാർട്ടി അധികാരത്തിലെത്തിയാൽ മലയാളികളുടെ വികസനസ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷകൾ പകരുന്ന പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രസിഡണ്ട് സാബു എം. ജേക്കബ് ഉറപ്പുനൽകിയിയിരുന്നു.
50% വരെ വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്ന ഭക്ഷ്യസുരക്ഷാമാർക്കറ്റുകൾ കേരളം മുഴുവൻ സ്ഥാപിക്കും, 60 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും 5000 രൂപ പ്രതിമാസക്ഷേമപെൻഷൻ നൽകും, മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കും, മരുന്നുകളുടെ വില 50% വരെ കുറയ്ക്കും, കടലാക്രമണഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തികൾ നിർമ്മിക്കും, പത്തുവർഷത്തിനുള്ളിൽ കേരളത്തിന്റെ 7 ലക്ഷം കോടിരൂപയുടെ പൊതുകടം വീട്ടി സ്ഥിരനിക്ഷേപമുണ്ടാക്കും, വന്യമൃഗശല്യം രൂക്ഷമായ 1000 സ്ഥലങ്ങളിൽ വിവിധതരത്തിലുള്ള വേലികൾ സ്ഥാപിക്കും, മന്ത്രിമാരുടെ എണ്ണം 21-ൽ നിന്നും 11 ആയി കുറയ്ക്കും എന്നിവയായിരുന്നു പൂതൃക്കയിൽ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങൾ.
കിഴക്കമ്പലത്തെ മഹാസംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് ജിബി ഏബ്രഹാം എന്നിവർക്കൊപ്പം മറ്റ് സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ