- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ കൈവിരൽ ഇഡ്ഡലി തട്ടിനുള്ളിൽ കുടുങ്ങി; കുഞ്ഞിന് ഒരുപരിക്കുമില്ലാതെ പാത്രം മുറിച്ചുമാറ്റി; രക്ഷകരായത് മലപ്പുറം അഗ്നിരക്ഷാസേന
മലപ്പുറം : അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കൈവിരൽ ഇഡ്ഡലി തട്ടിനുള്ളിൽ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി മലപ്പുറം അഗ്നിരക്ഷാ സേന. ബുധനാഴ്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. വള്ളുവമ്പ്രം അത്താണിക്കൽ നെച്ചിയിൽ വീട്ടിൽ അബ്ബാസലി - വഹീദ ദമ്പതികളുടെ രണ്ടു വയസ്സ് പ്രായമുള്ള ശയാൻ മാലിക്കിന്റെ ഇടത് കയ്യിലെ തള്ളവിരലിലാണ് ഇഡ്ഡലി തട്ട് കുടുങ്ങിയത്.
കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയ രക്ഷിതാക്കളാണ് ഇഡ്ഡലി തട്ട് കുടുങ്ങിയ വിവരമറിയുന്നത്. വീട്ടുകാർ ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും അസഹ്യമായ വേദനമൂലം കുട്ടിയുടെ കരച്ചിൽ കാരണം തട്ട് വേർപ്പെടുത്താനാവാത്തതിനാൽ മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് കുട്ടിയെയുമായി എത്തുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ മിനി ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടർ എന്നിവ ഉപയോഗിച്ച് അൽപാൽപ്പമായി ഇഡ്ഡലി തട്ട് മുറിച്ചെടുത്തു.
ഇടയ്ക്കിടെ വേദന കൊണ്ട് കരയുന്ന കുഞ്ഞിനെ സാന്ത്വനിപ്പിച്ച് പാത്രം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു. അര മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് കുഞ്ഞിന് യാതൊരു പരിക്കുമില്ലാതെ പാത്രം പൂർണമായും മുറിച്ചു മാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ യു. ഇസ്മായിൽ ഖാൻ, സേനാംഗങ്ങളായ കെ. സിയാദ്, വി. പി.നിഷാദ്, കെ. ഷഫീക്, ടി. ജാബിർ, കെ. സി. മുഹമ്മദ് ഫാരിസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്