കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് അംഗങ്ങളായിരുന്ന ലിസി ജോളി, ഉഷ ശിവൻ, സിബി മാത്യു എന്നിവർ എൽഡിഎഫ് പക്ഷത്തേയ്ക്ക് ചേക്കറിയതാണ് ഭരണം നഷ്ടപ്പെടാൻ കാരണം.

ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 18 -ാം വാർഡിൽ നിന്നും വിജയിച്ച യൂഡിഎഫ് അംഗം സിബി മാത്യു എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ലിസി ജോളി സിബി മാത്യുവിന്റെ പേര് നിർദ്ദേശിച്ചത് .ഉഷ ശിവൻ പിൻതാങ്ങി. എൽഡിഎഫ് പക്ഷത്തുനിന്നും ഷിബു പടപറമ്പത്ത്, സുഹറ ബഷീർ, ടിന ടീനു, നൗഷദ് റ്റി എച്ച്, ജലീൻ വർഗീസ്, ഹരിഷ് രാജൻ, തോമച്ചൻ ചാക്കോച്ചൻ, ലിസി ജോർജ് എന്നിവർ പിന്തുണച്ചു.

യൂഡിഎഫ് പക്ഷത്തുനിന്നു സൗമ്യ ശശിയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്.മുൻ പ്രസിഡന്റ് ഷൈജന്റ് ചാക്കോ,സന്ധ്യാ ജയ്സൺ,ജിൻസി മാത്യു,എം കെ വിജയൻ. സ്വതന്ത്ര അം ജിംസിയ ബിജു എന്നിവർ പിൻതുണച്ചു.ലീഗ് അംഗം രാജേഷ് കുഞ്ഞുമോൻ വോട്ട് രേഖപ്പെടുത്തിയില്ല.

പ്രസിഡന്റ് ആയിരുന്ന ഷൈജന്റ് ചാക്കോ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പാർട്ടിയിലെ മുൻ ധാരണപ്രകാരമായിരുന്നു ഷൈജന്റ് രാജിവച്ചതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. പിന്നീട് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം ഉടലെടുക്കുകയും ഇത് പൊട്ടിത്തെറിയിൽ അവസാനിക്കുക യായിരുന്നെന്നുമാണ് സൂചന.

നിലവിലെ വൈസ് പ്രസിഡന്റ് സ്വതന്ത്ര അംഗം ജിംസിയാ ബിജുവിനെതിരെ മൂന്ന് യു ഡി എഫ് വിമതരുടെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ചു പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വേട്ടു ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചതായി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു.

പാർട്ടി വിപ്പ് ലംഘിച്ച കോൺഗസ് അംഗങ്ങളായ ലിസി ജോളി, സിബി മാത്യു, ഉഷ ശിവൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കിയതായും വൈ.പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഒപ്പു വച്ച പാർട്ടി അംഗം എം കെ വിജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് , കെ പി സി സി അംഗം എ ജി ജോർജ്ജ്, മുൻപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ , നേര്യമംഗലം മണ്ഡലം പ്രസിഡന്റ് ജെയ്‌മോൻ ജോസ് , കവളങ്ങാട് മണ്ഡലം പ്രസിഡന്റ് ജോബി ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.