- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരാളുങ്കൽ ശതാബ്ദിക്ക് 13ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ലോകപ്രശസ്തമായ തൊഴിലാളി സഹകരണ കൂട്ടായ്മ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി( യു എൽ സി സി )യുടെ നൂറാം വാർഷികാഘോഷത്തിന് 13ന് തുടക്കമാകും. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് യു എൽസിസി ചെയർമാൻ രമേശൻ പാലേരി അറിയിച്ചു. വൈകിട്ട് മൂന്നരക്ക് മടപ്പള്ളി ജിവിഎച്ച്എസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ഉദ്ഘാടന സമ്മേളനം.
മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എഴുത്തുകാരായ ടി പത്മനാഭൻ, എം മുകുന്ദൻ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷിനേതാക്കളും സംസാരിക്കും. ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റി ഡോ. ടി എം തോമസ് ഐസക്കും പ്രൊഫ. മിഷേൽ വില്യംസും ചേർന്നെഴുതിയ അക്കാദമിക് ഗ്രന്ഥം 'ബിൽഡിങ് ഓൾട്ടർനേറ്റീവ്സി'ന്റെ പരിഷ്‌ക്കരിച്ച ശതാബ്ദിപ്പതിപ്പും സൊസൈറ്റിയുടെ ചരിത്രം പറയുന്ന 'ഊരാളുങ്കൽ: കഥകളും കാര്യങ്ങളും' (മനോജ് കെ പുതിയവിള) പുസ്തകവും പ്രകാശിപ്പിക്കും.
കലാസന്ധ്യയും കലാപ്രദർശനവും
സൊസൈറ്റിയുടെ മാർഗദീപമായ വാഗ്ഭടാനന്ദ ഗുരുദേവന്റെ ജീവിത മുഹൂർത്തങ്ങളും സൊസൈറ്റിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളും കോർത്തിണക്കി കലാത്മകാവിഷ്‌കാരം 'കളേഴ്‌സ് ഓഫ് റെസിലിയൻസ്' പ്രദർശനവുമുണ്ടാകും. ഉദ്ഘാടന വേദിയിലും മടപ്പള്ളി കോളേജ് ഗ്രൗണ്ടിലുമാണ് കലാസന്ധ്യ. ചലച്ചിത്രതാരം റിമ കല്ലിങ്കൽ നയിക്കുന്ന മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ 'നെയ്ത്ത്' നൃത്തവിസ്മയത്തോടെ വൈകിട്ട് ആറിന് തുടക്കമാകും. ഏഴുമണിക്ക് 'മെലഡി നൈറ്റ്' സംഗീതനിശയിൽ ജി വേണുഗോപാൽ, അഫ്സർ, മഞ്ജരി, സയനോര, തുടങ്ങിവർ പാടും. മടപ്പള്ളി കോളേജ് ഗ്രൗണ്ടി ൽ രാത്രി എട്ട്മുതൽ ശിവമണി, സ്റ്റീഫൻ ദേവസി, ആട്ടം കലാസമിതി എന്നിവർ ചേർന്ന് മ്യൂസിക് ഫ്യൂഷൻ ഒരുക്കും.വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, യുഎൽസിസിഎസ് എം ഡി എസ് ഷാജു, ചീഫ് കോഡിനേറ്റർ കെ രാഘവൻ എന്നിവരും പങ്കെടുത്തു.
ഒരു വർഷത്തെ ആഘോഷം
18,000 തൊഴിലാളികളും 1,500 എൻജിനീയർമാരും ജോലിചെയ്യുന്ന ഊരാളുങ്കൽ മഹദ് വികസനപദ്ധതികളുടെ ശിൽപിയായി നിരവധി അംഗീകാരങ്ങൾ നേടിയ പ്രസ്ഥാനമാണ്. ഒരുവർഷം നീളുന്ന ആഘോഷ ത്തിൽ അന്താരാഷ്ട്ര സഹകരണ ഉച്ചകോടിയും സുസ്ഥിരനിർമ്മാണങ്ങളെപ്പറ്റി ഗവേഷണസെമിനാറും പൊതുനിർമ്മാണങ്ങളുടെ സാമൂഹ്യപരിശോധന ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. സൊറ്റൈി മുൻകയ്യിൽ സഹകരണ സർവ്വകലാശാല ആരംഭിക്കാൻ താൽപര്യമുണ്ട്. യുഎൽ ടെക്‌നിക്കൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസും തുടങ്ങും. 25 വർഷത്തേക്കുള്ള സൊസൈറ്റിയുടെ ഭാവിപരിപ്രേക്ഷ്യം, കോ-ഓപ്പറേറ്റീവ് ഫെസ്റ്റിവൽ, സഹകരണപ്രദർശനം, ചരിത്രപ്രദർശനം, പുസ്തകോത്സവം തുടങ്ങിയ പരിപാടികളും നടത്തും.
നൂറു വർഷത്തെ അടയാളപ്പെടുത്തുന്ന കലാവിഷ്‌കാരവും തയ്യാറാക്കും. സഹകരണമേഖല, നിർമ്മാണരംഗം, വാഗ്ഭടാനന്ദദർശനങ്ങൾ, പുതു നിർമ്മാണസാമഗ്രികൾ, പരമ്പരാഗത കര കൗശല കലാരംഗം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണഫെലോഷിപ്പുകൾ ഏർപ്പെടുത്തുന്നതാണ്. സർവ്വകലാശാലകളിൽ വാഗ്ഭടാനന്ദ ചെയർ ,വാഗ്ഭടാനന്ദദർശനം പരിചയപ്പെടുത്തുന്ന സെമിനാറുകൾ,ഗവേഷണകേന്ദ്രം, തുടങ്ങിയവയും പരിപാടികളിൽപ്പെടും.
മറുനാടന് ഡെസ്ക്