ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിലേക്കുള്ള യാത്രാനുമതി കേന്ദ്രസർക്കാർ നിഷേധിച്ചു. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

വ്യാഴാഴ്ച രാത്രി 9.40-ന് നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി പോകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, അനുമതി ലഭിക്കാത്തതോടെ മന്ത്രി വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തരമായി കുവൈത്തിലേക്ക് തിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം.) ജീവൻ ബാബു അനുഗമിക്കുമെന്നും വിവരമുണ്ടായിരുന്നു. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തിലേക്ക് പോകുന്നതെന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം.

കുവൈത്തിലുണ്ടായ ദുരന്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. മലയാളികൾ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.