- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു പി എസ് സിയിലും ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ; അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടത്
ന്യൂഡൽഹി: ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ച് യു പി എസ് സി. സർക്കാർ ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇനിമുതൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്ത് വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാനാകും. ഒരു ഉദ്യോഗാർത്ഥിയുടെ രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ വിവരങ്ങൾ കമ്മീഷന്റെ സെർവറുകളിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടുമെന്ന് യു പി എസ് സി അറിയിച്ചു.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഇനിയുള്ള പരീക്ഷകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ച് ഒടിആർ (വൺ ടൈം രജിസ്ട്രേഷൻ) പ്ലാറ്റ്ഫോമിൽ സ്വയം രജിസ്റ്റർ ചെയ്യണം. നേരത്തെ ഓരോ തവണ അപേക്ഷിക്കുമ്പോഴും വ്യക്തിഗത വിവരങ്ങൾ ആവർത്തിച്ച് പൂരിപ്പിക്കണമായിരുന്നു.
'കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കും സ്ഥാപനങ്ങളിലേക്കും എല്ലാ വർഷവും വിവിധ പരീക്ഷകൾ നടക്കാറുണ്ട്. നിരവധി ഉദ്യോഗാർത്ഥികളാണ് ഇതിനായി അപേക്ഷിക്കുന്നതും. ഇനിമുതൽ വിവരങ്ങൾ ആവർത്തിച്ച് നൽകി സമയം പാഴാക്കാതിരിക്കാൻ പുതിയ രീതി സഹായിക്കും.
വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഇനിയുള്ള ഓരോ പരീക്ഷയുടെയും അപേക്ഷ സമർപ്പിക്കുമ്പോൾ അടിസ്ഥാന വ്യക്തിഗത വിവരങ്ങൾ വീണ്ടും നൽകേണ്ടിവരില്ല. പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർത്ഥികൾ നൽകേണ്ട 70 ശതമാനം വിവരങ്ങളും മുൻകൂറായി പൂരിപ്പിച്ചിട്ടുണ്ടാകും. സമയം ലാഭിക്കുന്നതിനൊപ്പം തിടുക്കത്തിൽ പൂരിപ്പിച്ച് തെറ്റ് വരുത്താതിരിക്കാനും ഈ മാർഗ്ഗം സഹായിക്കും. കമ്മീഷന്റെ http://upsc.gov.in , http://upsconline.nic.in എന്ന വെബ്സൈറ്റുകളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.