കോഴിക്കോട്: സംസ്ഥാനത്ത് സഹകരണ സർവ്വകലാശാല തുടങ്ങാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി (യു എൽ സി സി എസ്) സന്നദ്ധമാണെന്ന് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. താൽപര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇത്തരമൊരു സ്ഥാപനം നാടിന്റെ വളർച്ചക്ക് സഹായകമാകുമെന്നാണ് യുഎൽ സി സി എസിന്റെ പ്രതീക്ഷ.കലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.


ശതാബ്ദിക്ക് ഫെബ്രുവരി 13ന് തുടക്കമാകും. ഒരുവർഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കോർപ്പറേറ്റ് മേഖലയ്ക്ക് ബദലായി കോ ഓപ്പറേറ്റീവ് മേഖലഎന്ന സന്ദേശവുമായി വൈവിധ്യവൽക്കരണത്തിലൂടെ മുന്നേറുക എന്നതാണ് ശതാബ്ദിയിൽ ലക്ഷ്യമിടുന്നത്.നാടിന്റെ മാതൃകാസ്ഥാപനമായി ഈ തൊഴിലാളി കൂട്ടായ്മ ഇനിയും മുന്നോട്ട് പൊകും.

മികച്ച സാങ്കേതികവിദ്യയിലൂടെ നിർമ്മാണ കാലാവധി മൂന്നിലൊന്നായി കുറയ്ക്കാനും പ്രകൃതിയെ നശിപ്പിക്കാതെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കാനും ഹരിതാഭ നിലനിർത്തിയുള്ള എൻജിനിയറിങ് രീതികൾ പരീക്ഷിക്കാനും പദ്ധതിയുണ്ട്.ഇതിനായി ഐ ഐ ടി കൾ, അന്താരാഷ്ട്ര സർവ്വകലാശാലകൾ, ലോകത്തെ ഒന്നാം നിര സഹകരണസ്ഥാപനമായ മോൺട്രിഗോണിനെ(സ്പെയിൻ)യടക്കം പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ പ്രദർശനങ്ങൾ, സെമിനാറുകൾ, സഹകരണ ഉച്ചകോടി ,കലാസാംസ്‌കാരിക പരിപാടികൾ, പൊതുജനങ്ങൾക്കും തൊഴിലാളികൾക്കുമായി ക്ഷേമ പദ്ധതികൾ ഇവയും ആലോചിക്കുന്നു.

18,000 തൊഴിലാളികളാണ് ഇപ്പോൾ ഊരാളുങ്കലിന് കീഴിൽ ജോലിചെയ്യുന്നത്. 1500 എൻജിനീയർമാരും ജീവനക്കാരുമുണ്ട്. 2500കോടിയാണ് ആകെവരുമാനം. ഏഴായിരം പ്രോജകട് പൂർത്തിയാക്കി. 700 എണ്ണം പുരോഗമിക്കുന്നു. ദേശീയപാത ബൈപാസടക്കമുള്ള വൻകിട പദ്ധതികൾക്കൊപ്പം നിരവധി പഞ്ചായത്തുകളുടെ വികസനപദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്. വിശ്വാസ്യതയും സത്യസന്ധതയുമാണ് മൂലധനമെന്നതിനാൽ ആരോപണങ്ങളൊന്നും ഊരാളുങ്കലിനെ ബാധിച്ചിട്ടില്ലെന്നും രമേശൻ പാലേരി പറഞ്ഞു. ഊരാളുങ്കൽ എം ഡി എസ് ഷാജുവും പങ്കെടുത്തു.