മലപ്പുറം: കൊടുവള്ളി പുല്ലാവൂരിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ട് ലോകകപ്പിന്റെ ആവേശമായി കണ്ടാൽ മതിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കുറച്ചു ദിവസങ്ങൾ മാത്രം നീളുന്ന ഇത്തരം ആവേശങ്ങൾ ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. ലോകം മുഴുവൻ ഏറ്റെടുത്ത ആ കട്ടൗട്ടുകൾ മലയാളിയുടെ ഫുട്ബോൾ ഭ്രാന്തിന്റെ അടയാളമായി ഈ സമയത്ത് അവിടെ തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് ഇത്തരം സന്തോഷങ്ങൾക്ക് വിലങ്ങു തടിയാകുന്നത് ഭൂഷണമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ ചൂണ്ടികാട്ടി അദ്ദേഹം ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിൽ തന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്.സന്തോഷം തേടിയുള്ള യാത്രയിലാണ് ഓരോ മനുഷ്യനും. ഓരോരുത്തർക്കും ഓരോ കാരണങ്ങളാകാം സന്തോഷം പകരുന്നത്. അതിൽ മുൻപന്തിയിലാണ് ഫുട്ബോൾ. വംശീയ-വർഗീയ-ലിംഗ-നിറ ഭേദമില്ലാതെ ഫുട്ബോൾ ആരാധകനായ ഓരോ മനുഷ്യനും സന്തോഷിക്കുന്ന വേളയാണ് ലോകകപ്പ് മത്സരം സമയമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ പല ഭാഗത്തുമുള്ള ലോകകപ്പ് ആവേശം തന്നെയാണ് നമ്മുടെ നാട്ടിലും ഫുട്ബോൾ ആരാധകർക്കുള്ളത്. അത് പല രൂപത്തിൽ ഓരോ ടീമിന്റെയും ആരാധകർ വർഷങ്ങളായി ആഘോഷിക്കുന്ന നാടാണ് കേരളം. ആകാശത്തേക്കുയരുന്ന കട്ടൗട്ടുകളും, ഫ്ലെക്സുകളുമെല്ലാം നാട് നിറയുന്ന കാഴ്‌ച്ച ഫുട്ബോളെന്ന വികാരത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങൾ മാത്രമാണ്. ഉള്ളിൽ ഉറഞ്ഞ് പൊന്തുന്ന ലഹരി ഇതിലൊക്കെ എത്രയോ അപ്പുറമാണെന്ന് അത് അനുഭവിക്കുന്നവർക്കേ മനസിലാകൂവെന്നും മന്ത്രി പറഞ്ഞു. ലോകകപ്പ് ആവേശത്തിനൊപ്പം തന്നെ കരുതൽ വേണമെന്ന് കൂടി മന്ത്രി ആരാധകരെ ഓർമിപ്പിച്ചു.

ഫ്ലെക്സ് കെട്ടാൻ കയറിയ ബ്രസീൽ ആരാധകൻ വീണ് മരണപ്പെട്ട സംഭവം എടുത്ത് പറഞ്ഞതാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫ്ലെക്സും, ബാനറുകളും, കട്ടൗട്ടുകളും വെക്കാൻ കയറുന്നവർ അപകടങ്ങളെ കുറിച്ച് ബോധവാന്മാരാകണം. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലും സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം ഉയരുന്ന കട്ടൗട്ടുകളും, ഫ്ലെക്സുകളും ലോകകപ്പ് കഴിയുന്നതോടെ നല്ല രീതിയിൽ സംസ്‌ക്കരണം നടത്തുന്നതിനും ആരാധകർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.