കൊച്ചി: കരിങ്കൊടി കാട്ടുന്നവരെയും മാധ്യമ പ്രവർത്തകരെയും ആക്രമിക്കുന്ന സിപിഎം ക്രിമിനലുകളെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകൾ ആക്രമിച്ചു. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ദ ഫോർത്ത് മാധ്യമ സംഘത്തിന് നേർക്കും ഡിവൈഎഫ്ഐ ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടു. രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണത്തെ 'രക്ഷാപ്രവർത്തനം'എന്ന ഓമന പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമായ സിപിഎം ക്രിമനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം.

കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരേയും മാധ്യമ പ്രവർത്തകരെയും തെരുവിൽ ആക്രമിക്കുന്നതും ക്യാമറ തല്ലിതകർക്കുന്നതും അപലപനീയമാണ്. ഇത്തരം പാർട്ടി ക്രിമനലുകൾ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല ഗുണ്ടാ പ്രവർത്തനമാണ്. ഈ പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും വി ഡി സതീശൻ പറഞ്ഞു.