- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല; ക്യത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം പ്രയോഗിക്കേണ്ടത്; നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലെന്നും വി ഡി സതീശൻ
തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്നും സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, സർക്കാർ-ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും കൂട്ടിച്ചേർത്തു.
സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സിപിഎമ്മാണ് ഗവർണറെ കുറ്റം പറയുന്നത്. നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സതീശൻ, പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും ചോദിച്ചു. വിഴിഞ്ഞം സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്താണെന്ന് ചോദിച്ച വി ഡി സതീശൻ, ഇത് തന്നെയാണ് എൻഡോസൾഫാൻ സമരത്തിന്റെ അവസ്ഥയെന്നും കുറ്റപ്പെടുത്തി. ദയാബായിയെ കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേയാണ് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്.
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറാകാത്തതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല. മന്ത്രിമാർ വന്ന് വിശദീകരിച്ചശേഷം തീരുമാനമെടുക്കാമെന്നാണ് ഗവർണറുടെ നിലപാട്.പാസാക്കിയ സർവകലാശാല ഭേദഗതി ബിൽ ഇപ്പോഴും ഒപ്പിടാതെ ഗവർണരുടെ കയ്യിൽ ഇരിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രധാന ബില്ലായിരുന്നു അത്.
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ മുന്നോട്ടു വയ്ക്കുന്ന ബിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല.ബില്ലിൽ ന്യൂനതകളോ അപാകതകളോ ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാം. സർക്കാരിന്റെ അഭിപ്രായം ആരായാം. അതു ചെയ്യാതെ ബിൽ പിടിച്ചുവച്ചിരിക്കുകയാണ്. ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റണം. ഭരണഘടനാ ബാധ്യത നിറവേറ്റുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയല്ല. ഇതുവരെ ഗവർണർക്കെതിരെ സർക്കാർ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. അത് ഒരു മാന്യതയാണ്. ആർഎസ്എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ