തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്ന് ഇല്ലാതിരുന്നിട്ടും ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരുന്നു ക്ഷാമം ഉണ്ടെന്നറിഞ്ഞിട്ടും മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സർക്കാർ ആശുപത്രികളിൽ മരുന്ന് ഉണ്ടെന്ന് പറയുന്ന ഏക വ്യക്തി കേരളത്തിന്റെ ആരോഗ്യമന്ത്രി മാത്രമാണ്. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്നും വലിയ വിലയുള്ള മരുന്നുകൾ രോഗികൾ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആര്യോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.

പഞ്ചായത്തുകൾക്ക് അവരുടെ ഫണ്ടിൽ നിന്നും മരുന്ന് വാങ്ങാൻ സാധിക്കുന്നില്ല. രൂക്ഷമായ മരുന്ന് ക്ഷാമമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും വരും മാസങ്ങളിൽ ഇത് രൂക്ഷമാകുമെന്നുമാണ് കെ.ജി.എം.ഒ.എ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങൾ അടിവരയിടുന്നതാണ് ഈ കത്ത്. നിയമസഭയെയും കേരളത്തിലെ ജനങ്ങളെയും ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സതീശൻ ആരോപിച്ചു.

സാധാരണക്കാരായ മനുഷ്യരാണ് സമരാഗ്‌നിയുടെ ഭാഗമായുള്ള ജനകീയ ചർച്ചാ സദസിലെത്തുന്നത്. അവിടെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും കടന്നു വരാം. പ്രതിപക്ഷത്തെ വിമർശിക്കാനുള്ള അവസരം വരെ പരാതിയുമായി എത്തുന്നവർക്കുണ്ട്. നവകേരള സദസിൽ നടന്നതു പോലുള്ള നാടകമാണ് മുഖാമുഖം പരിപാടിയിൽ നടക്കുന്നത്. ചോദ്യങ്ങൾ ചോദിക്കേണ്ടവരെ നേരത്തെ തീരുമാനിക്കുകയും അവർക്ക് മുൻകൂട്ടി ചോദ്യങ്ങൾ നൽകുകയും ചെയ്തു. സർക്കാരിനെ വിമർശിക്കുന്ന ഒരു ചോദ്യം പോലും വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. ഇനി ആരെങ്കിലും ചോദിച്ചാൽ അത് പുറത്ത് വരാതിരിക്കാൻ ദൃശ്യമാധ്യമങ്ങൾ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അശ്ലീല നാടകം ആവർത്തിക്കുകയാണ്. കേരളീയത്തിനും നവകേരളസദസിനും പിന്നാലെ മുഖാമുഖത്തിനും പണപ്പിരിവ് നടത്തുകയാണ്.

സിപിഎം വിട്ട് ആർ.എംപി രൂപീകരിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. സിപിഎം വിട്ടതും മറ്റൊരു പാർട്ടി ഉണ്ടാക്കിയതുമാണ് പ്രശ്നം. പാർട്ടി വിട്ട ചന്ദ്രശേഖരൻ കുലംകുത്തിയാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. കൊലക്കേസിലെ ഗൂഢാലോചന സംശയാതീതമായി വിചാരണക്കോടതിയിൽ തന്നെ തെളിയിക്കപ്പെട്ടു. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും വിചാരണക്കോടതി വെറുതെ വിട്ട രണ്ടു പേർ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

ചന്ദ്രശേഖരനെ ആകാശത്ത് നിന്നും ആരെങ്കിലും ഇറങ്ങി വന്ന് കൊലപ്പെടുത്തിയതല്ല. സിപിഎമ്മിലെ കുഞ്ഞനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയാണ് ടി.പിയെ കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘങ്ങളും നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം ഉൾപ്പെടെ തെളിവായി സ്വീകരിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്. പിന്നെ എന്ത് ന്യായമാണ് സിപിഎം പറയുന്നത്? - സതീശൻ ചോദിച്ചു.

ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 190 എം.എൽ.ഡി പദ്ധതി പൂർത്തിയാക്കണമെമെന്ന് പ്രതിപക്ഷ നേതാവ്

എറാണാകുളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 190 എം.എൽ.ഡി വെള്ളം നൽകാവുന്ന പദ്ധതി പൂർത്തിയാക്കാൻ സർക്കാർ പണം അനുവദിച്ചിട്ടില്ല. ഈ പദ്ധതി നിലനിൽക്കെ കാക്കനാട് കിൻഫ്രാ പാർക്കിലേക്ക് പെരിയാറിൽ നിന്നും 45 എം.എൽ.ഡി വെള്ളം കൊണ്ടു പോകുന്നതിനുള്ള പദ്ധതി അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. 190 എം.എൽ.ഡി പദ്ധതി നടപ്പാക്കിയതിനു ശേഷം, പെരിയാറിൽ വെള്ളം ഉണ്ടെങ്കിൽ 45 എം.എൽ.ഡി പദ്ധതി നടപ്പാക്കുന്നതിന് യു.ഡി.എഫ് എംപിയും എംഎ‍ൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എതിരല്ല. ജല ദൗർലഭ്യം പെരിയാറിലുണ്ടെന്നും 190 എം.എൽ.ഡി പദ്ധതി നടപ്പാക്കിയാൽ മറ്റൊരു പദ്ധതിക്ക് വെള്ളം കിട്ടില്ലെന്നും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും വാട്ടർ അതോരിട്ടിയും ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറിയിച്ചിരുന്നു.

എന്നിട്ടും സർക്കാരും ചില താൽപര്യക്കാരും ചേർന്ന് രണ്ട് പദ്ധതികളും നടപ്പാക്കാനുള്ള ജലം പെരിയാറിലുണ്ടെന്ന തെറ്റായ കണക്കാണ് പറയുന്നത്. കിൻഫ്രയ്ക്ക് വേണമെങ്കിൽ കടമ്പ്രയാറിൽ നിന്നും വെള്ളം ശുദ്ധീകരിച്ച് എടുക്കാവുന്നതാണ്. കൊച്ചിയിലെയും സമീപ നഗരങ്ങളിലെയും ജില്ലയിലെ പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ജില്ലയിലുള്ളത്. 190 എം.എൽ.ഡി പദ്ധതി നടപ്പാക്കിയാലും മൂന്ന് നാല് വർഷം കഴിയുമ്പോൾ ഓഗ്മെന്റ് ചെയ്യേണ്ടി വരും. അതിനാൽ അടിയന്തിരമായി പണം അനുവദിച്ച് 190 എം.എൽ.ഡി പദ്ധതി പൂർത്തിയാക്കണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും വേണ്ടി ആവശ്യപ്പെടുകയാണ്.