കൊച്ചി: കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്തത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ ഏകോപനം കൂടുതൽ എളുപ്പമായേനെ എന്നും സംഭവം ദൗർഭാഗ്യകരമെന്നും സതീശൻ. കേന്ദ്രത്തിന്റേത് തെറ്റായ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു വി ഡി സതീശൻ.

കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. യാത്രയ്ക്കായി മന്ത്രി കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചത്. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസർക്കാർ. രേഖാമൂലമുള്ള മറുപടിയിൽ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.