തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ മുസ്ലീങ്ങളെ ഒഴിവാക്കിയെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. മുരളീധരൻ. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്റെ പാർട്ടിയുടെ സ്ഥിതിയെന്താണെന്ന് വി. മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു.

328 സീറ്റുകളിൽ മൽസരിച്ച് നൂറു സീറ്റ് നേടിയ കോൺഗ്രസ് പാർട്ടി വിജയിപ്പിച്ചത് ഏഴ് മുസ്ലിം സമുദായംഗങ്ങളെ മാത്രമാണ്. 2019ൽ 34 മുസ്ലീങ്ങൾക്ക് സീറ്റു നൽകിയ കോൺഗ്രസ് 2024ൽ നൽകിയത് 19 സീറ്റ് മാത്രമാണ്.നാല് കോടി മുസ്ലീങ്ങളുള്ള ഉത്തർപ്രദേശിൽ ഒരു മുസ്ലീമിനെപ്പോലും കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയില്ലെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ഒരു കോടി മുസ്ലീങ്ങളുള്ള മഹാരാഷ്ട്രയിലും ഇൻഡി സഖ്യം ഒരു സീറ്റു പോലും മുസ്ലീമിന് നൽകിയില്ലെന്ന് മുൻ കേന്ദ്രമന്ത്രി വിമർശിച്ചു.

കേരളത്തിൽ സുധാകരന്റെ പാർട്ടി നൽകിയ അതേ സീറ്റെണ്ണം മുസ്ലീങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയും നൽകിയെന്ന് മുരളീധരൻ പറഞ്ഞു. വടകരയിൽ ഷാഫി പറമ്പിലിനെ യുഡിഎഫ് മൽസരിപ്പിച്ചപ്പോൾ മലപ്പുറത്ത് ഡോ. എം. അബ്ദുൽ സലാമിനെ എൻഡിഎ മൽസരിപ്പിച്ചു. ഡോ. അബ്ദുൾ സലാമിനെ പരാജയപ്പെടുത്തിയത് കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. മലപ്പുറത്ത് വിജയിച്ചിരുന്നെങ്കിൽ ഡോ. അബ്ദുൾ സലാം ഇന്ന് കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാവുമായിരുന്നുവെന്നും വി.മുരളീധരൻ പ്രതികരിച്ചു.

ആഗോളമുസ്ലീങ്ങളുടെ രക്ഷാദൗത്യമേറ്റെടുത്ത പിണറായി വിജയന്റെ പാർട്ടി ലോക്‌സഭയിലെത്തിച്ച മുസ്ലിങ്ങളുടെ എണ്ണം വട്ടപ്പൂജ്യമാണെന്നും വി.മുരളീധരൻ വിമർശിച്ചു.