ആറ്റിങ്ങൽ: ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയ ശേഷമാണ് ഭാരതീയ ജനതാപാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാൻ ഗൂണ്ടകളും ബിജെപിക്ക് വേണ്ട. പൊതുതിരഞ്ഞെടുപ്പ് അടുത്തു നിൽക്കുമ്പോൾ ഇത്തരമൊരു യാത്രയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ കേരളപദയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് വീടിന് നാല് ലക്ഷം കൊടുക്കാൻ കേരള സർക്കാരിന് പണം ഇല്ല, ഒന്നരക്കോടിയുടെ ബസ് വാങ്ങി യാത്ര നടത്താൻ പിണറായിക്ക് പണമുണ്ട്. വട്ടിപ്പലിശക്ക് പണം കടമെടുത്ത് പിണറായി സർക്കാരിനെ വിശ്വസിച്ച് വീട് പണി തുടങ്ങിയ പാവങ്ങൾ ഇന്ന് പെരുവഴിയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ നിർമല സീതാരാമൻ എത്തി 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ചടങ്ങിൽ നിന്ന് വിട്ട നിന്നയാളാണ് സ്ഥലത്തെ എംപി യെന്നും വി. മുരളീധരൻ വിമർശിച്ചു.

ദാരിദ്ര്യനിർമ്മാർജനവും അടിസ്ഥാന സൗകര്യവികസനവും അഴിമതി വിരുദ്ധതയുമാണ് നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് . ഭാരതത്തിന്റെ നഷ്ടപ്പെട്ട യഥാർഥ സ്വത്വം വീണ്ടെടുക്കാനും ഇക്കാലയളവിൽ സാധിച്ചു. 65 വർഷം കൊണ്ട് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ ഇരട്ടിയാണ് പത്തുവർഷം കൊണ്ട് എൻഡിഎ സർക്കാർ സാധ്യമാക്കിയത്. സദ്ഭരണത്തിന്റെ ഫലങ്ങൾ അരിയായും, ശുദ്ധജലമായും , വീടായും , വെള്ളമായും റോഡായും പാലമായും തുറമുഖമായും ഒറു നാട് അനുഭവിക്കുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.