തിരുവനന്തപുരം: മദ്യനയം മാറ്റാൻ കൈക്കൂലി നൽകണമെന്ന ബാർ ഉടമയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികൾ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തിൽ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.

നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ബാർ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം. കേരള സർക്കാറിന് കീഴിലുള്ള ഒരു ഏജൻസിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

ബാർ കോഴ ആരോപണത്തിൽപ്പെട്ട കെ.എം. മാണിയുടെ പാർട്ടിയെ കൂടെക്കൂട്ടിയവരാണ് സിപിഎം. അഴിമതിയിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരു പോലെയാണ് വ്യക്തമാക്കുന്നതാണ് രണ്ടാം ബാർ കോഴ ആരോപണമെന്നും വി. മുരളീധരൻ പ്രസ്താവനയിൽ വ്യക്തമാക്കി.

മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. "ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്‌സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്" ശബ്ദ സന്ദേശത്തിൽ പറയുന്നത്.