- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളിലെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഭാവി തലമുറയ്ക്കുള്ള നിക്ഷേപം: മന്ത്രി വി. ശിവൻകുട്ടി
കൊച്ചി: സ്‌കൂൾ വിദ്യാഭ്യാസവുമായി ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളുടെ സംയോജനം പ്രതിരോധശേഷിയുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള നിർണായക ചുവടുവയ്‌പ്പാണെന്നും അത് ഭാവി തലമുറയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള നിക്ഷേപമാണെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ദുരന്ത നിവാരണ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. നമ്മുടെ സ്‌കൂളുകളിലും പ്രദേശങ്ങളിലും ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സജ്ജമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, ജില്ലാ ആസൂത്രണ സമിതി, വിദ്യാഭ്യാസ വകുപ്പ്, കില, അഗ്നിശമന വകുപ്പ്, പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങി വിവിധ വകുപ്പുകൾ യോജിച്ച് ഇത്തരം ഒരു സംരംഭം ആരംഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണം, അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷ, ലഹരി വിമുക്തം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിൽ പരിശീലനം നൽകുന്ന പദ്ധതിക്കാണ് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രായോഗിക വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ ശ്രമമാണിത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 58 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 800 വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് അവരെ കഴിവുള്ള ദുരന്ത നിവാരണ സന്നദ്ധ പ്രവർത്തകരാക്കും. ഈ വിദ്യാർത്ഥികളെ അവരുടെ സ്‌കൂളുകളിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്ബുകളായി സംഘടിപ്പിക്കുകയും സന്നദ്ധതയുടെയും സഹകരണത്തിന്റെയും മനോഭാവം വളർത്തിയെടുക്കുകയും ചെയ്യും.
സർക്കാർ സ്‌കൂളുകൾക്ക് പുറമെ ജില്ലയിലെ എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്തനിവാരണം, അഗ്നി സുരക്ഷ, പ്രഥമശുശ്രൂഷ, റോഡ് സുരക്ഷ, അഗ്നിശമന സേനയുമായി സഹകരിച്ച് മോക്ക് ഡ്രില്ലുകൾ നടത്തുക എന്നിവയിൽ പരിശീലനം ഉൾക്കൊള്ളുന്ന ഈ പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണ്. ഇതുവഴി യഥാർത്ഥ ജീവിതത്തിലെ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ദുരന്ത നിവാരണ ക്ലബിന്റെ ലോഗോ പ്രകാശനവും പുസ്തക പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. മുങ്ങിമരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനവും ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം നൽകി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി, അംഗങ്ങളായ മനോജ് മൂത്തേടൻ, ലിസി അലക്സ്, ശാരദാ മോഹൻ, കെ.ബി. രവീന്ദ്രൻ, ഷൈമി വർഗീസ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി, മറ്റു ജനപ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.