- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ നേതാക്കൾ തടിച്ചുകൊഴുത്ത് പൂതനകളായെന്ന സുരേന്ദ്രന്റെ പരാമർശം; സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് എന്തെന്ന് വി ടി ബൽറാം
പാലക്കാട്: സിപിഎം വനിതാ നേതാക്കൾക്കെതിരായ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ചും സിപിഎം. പ്രതികരിക്കാത്തതിൽ വിമർശിച്ചും കെപിസിസി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. പ്രവർത്തകരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമായി സിപിഎമ്മിൽ ധാരാളം സ്ത്രീകളുണ്ട്. അവരെ അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് സുരേന്ദ്രൻ ചെയ്തിരിക്കുന്നതെന്ന് വി.ടി. ബൽറാം പ്രതികരിച്ചു. എന്നിട്ടും ഇതുവരെ സിപിഎമ്മുകാരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതായി കാണുന്നില്ലെന്നും ബൽറാം ഫേസ്ുബക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയിൽ മാനനഷ്ടക്കേസ് ഫയൽചെയ്യാൻ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബൽറാം കുറിച്ചു
ഞായറാഴ്ച തൃശൂരിലായിരുന്നു ബിജെപി. സംസ്ഥാന അധ്യക്ഷന്റെ പരാമർശം. ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രൻ.
സിപിഎമ്മിലെ വനിതാ നേതാക്കൾ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. 'സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാനേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്', സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെയാണ് വി.ടി. ബൽറാം രംഗത്തുവന്നത്.