തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വർക്കല സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. തീപൊള്ളലേറ്റ ഭർത്താവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്.

കുടുബപ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങൾ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി.തുടർന്നുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ടിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

മകൾ വീടിന് പുറത്തായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചു. വർക്കല അഗ്‌നിരക്ഷാ സേനയും അയിരൂർ പൊലീസും സ്ഥലത്തെത്തിയാണ് ബിന്ദുവിനെയും മകനെയും ആശുപത്രിയിലെത്തിച്ചത്.