കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടു കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വത്തിക്കാന്റെ ക്ലീൻ ചിറ്റ്. ആലഞ്ചേരി വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാൻ വിലയിരുത്തി. സഭയുടെ ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്താൻ വത്തിക്കാൻ പരമോന്നത കോടതി അനുമതി നൽകി. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്താം. സിനഡ് തീരുമാനത്തിന് വത്തിക്കാൻ പരമോന്നത കോടതി അംഗീകാരം നൽകി.

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ 24 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സിനഡിന്റെ കണ്ടെത്തൽ. ഇതിന് പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റോ, അല്ലെങ്കിൽ ഈ ഭൂമികൾ നഷ്ടത്തിന് പരിഹാരമായി കണക്കാക്കുകയോ ചെയ്യാനാണ് സിനഡ് നിർദ്ദേശം മുന്നോട്ടു വെച്ചത്. ഭൂമി വിറ്റ് നഷ്ടം നികത്താൻ നേരത്തെ വത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരും കാനോനിക സമിതികളും അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലെല്ലാം തീർപ്പാക്കിക്കൊണ്ടാണ് വത്തിക്കാൻ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

നഷ്ടം നികത്തലും ഭൂമി വിൽപ്പനയും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഇന്ത്യയുടെ സിവിൽ കോടതിയുടെ നടപടിക്രമങ്ങൾക്ക് വിധേയമായിട്ടായിരിക്കുമെന്നും വത്തിക്കാൻ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്ന് അപ്പോസ്തലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിലിന് വത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.