തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധത്തിലും ഗൂഢാലോചനയിലും സിപിഎമ്മിന് പങ്കുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയിലിൽ കിടക്കുന്ന കൊലയാളുകളുടെ കുടുംബത്തെ സിപിഎം എല്ലാ മാസവും സഹായിക്കുന്നുണ്ടെന്ന് പ്രൊബേഷൻ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

കൊലയാളികളെ കണ്ടെത്തുകയും അവരെക്കൊണ്ട് കൊല നടത്തിക്കുകയും ജയിലിൽ പോകുമ്പോൾ അവരുടെ കുടുംബത്തെ സിപിഎം സഹായിക്കുകയും ചെയ്യും. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരന്മാരായ നേതാക്കളാണ് സിപിഎമ്മിനുള്ളത്. അവരാണ് അധികാരത്തിൽ ഇരിക്കുന്നത് എന്ന യാഥാർത്ഥ്യം കേരളത്തെ ഭയപ്പെടുത്തുന്നതാണ്. നേതാക്കളെ കണ്ടാണ് അണികളും പഠിക്കുന്നത്. കഴിഞ്ഞ ദിവസം എസ്‌ഐയുടെ കർണപടം എസ്.എഫ്.ഐ നേതാക്കൾ അടിച്ചുപൊട്ടിച്ചു.

പൂക്കോട് വെറ്റനറി സർവകലാശാലയിലെ രണ്ടാം വർഷം വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കോളജിലെ പരിപാടിയിൽ നൃത്തം ചെയ്തതിന്റെ പേരിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ നോക്കി നിൽക്കെയാണ് വിവസ്ത്രനാക്കി എസ്.എഫ്.ഐക്കാർ മർദ്ദിച്ചത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നത്. അവിശ്വസനീയമായ ക്രൂരതയാണിത്. ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകർ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. പ്രതികളെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

അദ്ധ്യാപക സംഘടനാ നേതാക്കളുടെ പിൻബലത്തിലാണ് പ്രതികളെ സംരക്ഷിക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് വീട്ടിലേക്ക് വന്ന വിദ്യാർത്ഥിയെ തിരിച്ചു വിളിച്ചാണ് മർദ്ദിച്ചത്. സിദ്ധാർത്ഥിന്റെ അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് കേസിലെ പ്രതികൾ. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനൽ സംഘമായാണ് കേരളത്തിലെ എസ്.എഫ്.ഐയെ സിപിഎം വളർത്തിക്കൊണ്ടു വരുന്നത്. പ്രതികളെ അടിയന്തിരമായി നിയമത്തിന് മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ട് പോകും-സതീശൻ പറഞ്ഞു.