തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗൻവാടികളെയും സ്മാർട്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിർമ്മിച്ച പവിഴമല്ലി അംഗൻവാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 208 അംഗൻവാടികളെ സ്മാർട്ടാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

ഇതിൽ രണ്ട് എണ്ണം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ആഗോളനിലവാരത്തിൽ മിടുക്കരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. അംഗൻവാടി പ്രായത്തിലാണ് കുട്ടികൾ ലോകത്തെ അറിഞ്ഞു തുടങ്ങുന്നത്. അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികളെ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എംഎ‍ൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവിട്ടാണ് കുന്നുംപുറത്ത് കെട്ടിടം നിർമ്മിച്ചത്. കവയത്രി സുഗതകുമാരിയുടെ ഛായാചിത്രമാണ് കെട്ടിടത്തിന്റെ മുഖ്യ ആകർഷണം. സുഗതകുമാരിയുടെ സ്മരണാർഥം നിർമ്മിച്ചതിനാലാണ് കെട്ടിടത്തിന് അവരുടെ പവിഴമല്ലി എന്ന കവിതയുടെ പേര് നൽകിയത്. ഓരോ കുരുന്നും പരിസ്ഥിതിക്കായുള്ള പോരാട്ടത്തിൽ പങ്കാളിയാവണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി.കെ. പ്രശാന്ത് പറഞ്ഞു.