- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാക്കും: മന്ത്രി വീണാ ജോർജ്; ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി
പള്ളുരുത്തി: പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.
ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. സെന്ററിലേക്ക് മെഷീൻ ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിൽ(കെ.എം.സി.എൽ) നിന്ന് മെഷീൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായാൽ രണ്ട് മാസത്തിനുള്ളിൽ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിൽ കാന്റീൻ സൗകര്യം ലഭ്യമാക്കും. ജനകീയ പങ്കാളിത്തത്തോടെ നമ്മുടെ ആശുപത്രികളെ കൂടുതൽ രോഗിസൗഹൃദവും ജനസൗഹൃദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർദ്രം മിഷൻ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ നേരിട്ട് സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 12ന് കളക്ടറേറ്റിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ വിവിധ വാർഡുകൾ, റൂമുകൾ, ഒ പി സൗകര്യം, ഫാർമസി, ലാബുകൾ, ശുചിമുറികൾ തുടങ്ങിയവ മന്ത്രി സന്ദർശിച്ച് വിലയിരുത്തി. കൂടാതെ ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവരുമായി ആശുപത്രിയിലെ സേവനങ്ങളും സൗകര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു.
കെ.ബാബു എംഎൽഎ, മേയർ അഡ്വ. എം.അനിൽകുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ.കെ ആശ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.കെ.സവിത, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ്, വാർഡ് കൗൺസിലർ പി.ആർ രചന, ആശുപത്രി വികസന സമിതി അംഗങ്ങൾ, ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പം ആശുപത്രി സന്ദർശിച്ചു.
മറുനാടന് ഡെസ്ക്