- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ബാല സൗഹൃദ സംസ്ഥാനമാക്കാൻ കർമപദ്ധതി തയാറാക്കുമെന്ന് വീണ ജോർജ്; വർണച്ചിറകുകൾ ചിൽഡ്രൻസ് ഫെസ്റ്റിന് തുടക്കം
കൊച്ചി: കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണ ജോർജ്. കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിൽ വർണ്ണച്ചിറകുകൾ- ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് കർമപദ്ധതി തയാറാക്കി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ കുട്ടികളും വ്യത്യസ്തരാണ്. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. കുട്ടികളുടെ ഭാവി ശോഭനമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് വനിതാ ശിശു വികസന വകുപ്പ് നേതൃത്വം നൽകുന്നത്. വിവിധ മേഖലകളിൽ സമൂഹത്തെ നയിക്കാൻ ഒരുങ്ങുന്ന കുട്ടികൾക്ക് ഇത്തരം പരിപാടികളിലൂടെ ആത്മവിശ്വാസം പകർന്നു നൽകണം. സർക്കാർ സംരക്ഷണയിലുള്ള കുട്ടികൾക്ക് 'വർണച്ചിറകുകൾ' ഒരുക്കുമ്പോൾ സമൂഹത്തിലെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
കുട്ടികളുടെ ആഗ്രഹങ്ങളെ വളർത്തിയെടുക്കുന്ന വേദിയാണിത്. പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ അവർക്ക് പിന്തുണ നൽകണം. 1300 ലധികം കുട്ടികളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, വാർഡ് കൗൺസിലർ കെ.എ. അൻവർ, ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, ചിൽഡ്രൻസ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഷാജു, എസ്. എച്ച് പ്രൊവിൻസ് ആൻഡ് മാനേജർ ബെന്നി നൽകര സി.എം.ഐ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ ബിനോയ് ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കേരള വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വർണച്ചിറകുകളിൽ ആതിഥേയ ജില്ലയായ എറണാകുളത്തെ സന്നദ്ധ സംഘടനകൾ നടത്തുന്ന ഹോമുകളിലെ കുട്ടികളും പങ്കെടുക്കുന്നുണ്ട്. 22 മത്സര ഇനങ്ങളാണ് അഞ്ച് വേദികളിലായി അരങ്ങേറുന്നത്. ഫെസ്റ്റ് 28ന് സമാപിക്കും.