തിരുവനന്തപുരം: അപൂർവ രോഗ പരിചരണത്തിനായുള്ള കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി 16ന് വൈകിട്ടു നാലിനു തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി എന്നിവർ മുഖ്യാതിഥികളാകും.

ആരോഗ്യ മേഖലയിലെ സുപ്രധാനങ്ങളായ 3 പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

അപൂർവ രോഗ പരിചരണത്തിനായി കെയർ സമഗ്ര പദ്ധതി

അപൂർവ രോഗ പരിചരണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന പുതിയ സമഗ്ര പദ്ധതിയാണ് കെയർ. അപൂർവരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിർണായക ചുവടുവയ്‌പ്പാണിത്. അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയും ഈ സർക്കാർ നടപ്പിലാക്കിയിരുന്നു. രണ്ട് പദ്ധതികളിലുമായി 61 കുട്ടികൾക്ക് മരുന്ന് നൽകി. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നൽകാൻ കഴിയുന്നത്. എന്നാൽ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകൾക്ക് ഈ തുക മതിയാകില്ല. ഇത് കൂടി മുന്നിൽ കണ്ടാണ് സർക്കാർ അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കുന്നത്.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ

നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നത്. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. അതിൽ പ്രവർത്തനസജ്ജമായ 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്. നഗര പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങൾക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടർ, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാർമസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാർ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 8 മണി വരെ സേവനങ്ങൾ ലഭ്യമാകും.

മൾട്ടിപർപ്പസിനായി അത്യാധുനിക ഐസൊലേഷൻ വാർഡുകൾ

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുമതി നൽകിയ 90 ഐസൊലേഷൻ വാർഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 37 ഐസൊലേഷൻ വാർഡുകൾ കൂടി പ്രവർത്തനസജ്ജമാക്കിയത്. എംഎ‍ൽഎ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എൽ. ആണ്. പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് മെഡിക്കൽ ഗ്യാസ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, ഡോക്ടേഴ്സ് റൂം, ഡ്രെസിങ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം തുടങ്ങിയവ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.