കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിൽ താമസിക്കുന്നവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഗൗരവകരമായ വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാൾ നേരിട്ട് ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികൾ പല ആശുപത്രികളിൽ ചികിത്സ തേടിയതുകൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും മന്ത്രി അഭ്യർത്ഥിച്ചു.

കാക്കനാട് ഡിഎൽഎഫ് ഫ്ളാച്ച് സമുച്ചയത്തിലാണ് താമസക്കാർക്ക് ചർദ്ദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്. കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ് കാരണം. രോഗബാധിതർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികൾക്കുൾപ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.