ആലുവ: കുട്ടമശ്ശേരിയിൽ ഏഴു വയസ്സുകാരനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാർ പൊലീസ് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇടപ്പള്ളിയിൽ നിന്നുമാണ് കാർ എടുത്തത്. കാർ ഉടമയെയും കാർ ഓടിച്ചയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. കാർ ഉടമയായിരുന്നില്ല വാഹനം ഓടിച്ചത്. ബന്ധുവായിരുന്നു എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ നില അപകടകരമായി തുടരുകയാണ്.

കാർ ഇടിച്ച വിവരം അറിഞ്ഞില്ലെന്നും ശ്രദ്ധിച്ചില്ലെന്നുമാണ് കാർ ഓടിച്ചിരുന്നയാൾ പ്രാഥമികമായ പൊലീസിന്റെ ചോദ്യം ചെയ്യലിൽ നൽകിയിട്ടുള്ള മൊഴി. കലൂർ ഐഎംഎയ്ക്ക് സമീപമുള്ളയാളിന്റെ ടാറ്റാ തിയാഗോ കാറാണ് ആളെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞത്. കാർ ഉടമയെ ചോദ്യ ചെയ്തപ്പോൾ താനായിരുന്നില്ല വാഹനം ഓടിച്ചതെന്നും ഒരു ബന്ധുവാണ് കാർ കൊണ്ടുപോയതെന്നും പറഞ്ഞു.

തുടർന്നാണ് കാർ ഓടിച്ചയാളെ പിടികൂടിയത്. കാറിനുവേണ്ടി ഇന്നലെ മുതൽ പൊലീസ് പരിശോധനകൾ നടന്നിരുന്നു. ഇന്നലെ തന്നെ വിവരങ്ങൾ കിട്ടിയിരിന്നെങ്കെിലും കാർ കണ്ടെത്താനായിരുന്നില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില അപകടകരമായി തുടരുകയാണ്. ശ്വാസകോശത്തിനും കരളിനും തലച്ചോറിനും പരിക്കേറ്റ കുഞ്ഞ് വെന്റിലേറ്ററിലാണ്. 24 മണിക്കൂർ നിരീക്ഷണത്തിലാണ്.