അടിമാലി; മുൻ പരിചയമുള്ള കുടുംബാംഗത്തിന്റെ കുടുംബ പ്രശ്നം തീർക്കാൻ ഇടപെട്ടെന്നും അന്ന് പരാതിയില്ലാതെയാണ് ഇതിനുള്ള തന്റെ ഭാഗത്തുനിന്നുള്ള നീക്കം അവസാനിച്ചതെന്നും ഇത് സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമെന്നും കൃത്യവിലോപത്തിന് സസ്പെൻഷനിലായ വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എബ്രാഹം ഐസക്.

എസ് ഐയുടെ വിവരണത്തിന്റെ പൂർണ്ണ രൂപം ചുവടെ ..

ചെറുപ്പത്തിൽ താനും കുടുബാംഗങ്ങളും കൂലിവേല ചെയ്തിരുന്ന, ഒരുപാട് ആത്മബന്ധമുള്ള കുടുംബത്തിലെ അംഗം പരാതിയുമായി സ്റ്റേഷനിൽ എത്തി. കാര്യങ്ങൾ തിരക്കിയിപ്പോൾ കുടുംബ പ്രശ്മാണെന്ന് വ്യക്തമായി. ഭാര്യ കാരണമില്ലാതെ അസ്വസ്ഥയാവുന്നെന്നും ഈ സമയം അക്രമകാരിയായി മാറുന്നെന്നും മറ്റുമായിരുന്നു ഇയാളുടെ പരാതി.

പ്രശ്നം ചർച്ച ചെയ്യാൻ ഭാര്യയെ വിളിച്ചുവരുത്താൻ പരാതിക്കാനോട് ആവശ്യപ്പെട്ടു. താമസിയാതെ ഇയാളുടെ ഭാര്യയും സ്റ്റേഷനിൽ എത്തി. കുടംബവുമായുള്ള ആത്മബന്ധം കൂടി കണക്കിലെടുത്ത് ഇരുവരുമായി ഏറെ നേരം സംസാരിച്ചു. ഇതിന് ശേഷം ഇരുവരും വീട്ടിലേയ്ക്ക് മടങ്ങി. ഇതിനിടയിൽ പരാതിക്കാരൻ മദ്യപാനിയായി മാറിയിരുന്നു.തുടർന്ന് ഇയാളെ അണക്കരയിലെ ധ്യാന കേന്ദ്രത്തിൽ എത്തിച്ച് ചികത്സ തരപ്പെടുത്തി.

ഇയാൾ പൂർണ്ണമായും മദ്യപാനത്തിൽ നിന്നും മുക്തനായി. തുടർന്നും ഭാര്യ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മറ്റും പറഞ്ഞ് ,പരാതിയുമായി ഇയാൾ വീണ്ടും സമീപിച്ചു. ഈ ഘട്ടത്തിൽ ഭാര്യയ്ക്കും കൗൺസിലിങ് നൽകുന്നതിന് സൗകര്യം ഏർപ്പെടുത്തണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഭാര്യയുമായി സംസാരിച്ചപ്പോൾ കൗൺസിലിംഗിന് വിധേയകാമെന്ന് അവരും സമ്മതിച്ചു. അന്വേഷിച്ചപ്പോൾ യോഗ്യതയുള്ള കൗൺസിലർമാരെ പെട്ടെന്ന് തരപ്പെട്ടില്ല, ഇക്കാര്യം പരാതിക്കാനെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ കൗൺസിലിങ് നടത്തണമെന്നായിരുന്നു ഇയാളുടെ നിലപാട്.

താനും കുടുബവും പോകുന്ന ധ്യാന കേന്ദ്രത്തിലെ പാസ്റ്റർ ഇത്തരത്തിൽ കൗൺസിലിംഗും മറ്റും നടത്തുന്നുണ്ടെന്നും നിരവധി പേരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അയാളെ അറിയിച്ചു. എങ്കിൽ അവിടെ ഭാര്യയെയും കൗൺസിലിംഗിന് അയക്കാമെന്ന് പരാതിക്കാരൻ സമ്മതിച്ചു. താൻ ഓടിച്ചിരുന്ന ജീപ്പിൽ, തന്റെ ഭാര്യയ്ക്കും മകനുമൊപ്പം പരാതക്കാരന്റെ ഭാര്യയെയും കയറ്റി പാസ്റ്ററുടെ ആരാധാന കേന്ദ്രത്തിൽ എത്തിച്ചു.അവരെ അവിടെ ഇറക്കി ഞാൻ തിരച്ച് പോന്നു. ഏകദേശം അരമണിക്കൂറോളം പാസ്റ്റർ യുവതിയുമായി സംസാരിച്ചു. ഇതിന് ശേഷം ഓട്ടോ വിളിച്ചുവരുത്തി ഭാര്യ യുവതിയെ വീട്ടിൽ വിടുകയുമായിരുന്നു. അന്ന് യുവതി ഒരു പാതിയും അറിയിച്ചില്ല. ഇപ്പോൾ ഒരു വർഷത്തോളം എത്തുമ്പോഴാണ് പരാതി ഉയർന്നിട്ടുള്ളത്.ഇക്കാര്യത്തിൽ ദുരൂഹതയുണ്ട്.

സംഭവിച്ച കാര്യങ്ങൾ ഡിവൈഎസ്‌പിയോട് വിശദമായി പറഞ്ഞിട്ടുണ്ട്. ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നത് നല്ലതാണ്. എന്താണ് പരാതിക്കു പിന്നിലെ ലക്ഷ്യം എന്ന് ഇതോടെ വ്യക്തമാവും എന്നാണ് കരുതുന്നത്. നേരത്തെ പണമില്ലാത്തതിനാൽ വിദ്യാഭ്യാസം മുടങ്ങുന്ന സ്ഥിതിയിലായിരുന്ന 3 കുട്ടികളെ വായ്പയെടുത്ത് പഠിപ്പിച്ചു, കുട്ടികൾക്ക് ജോലിയായപ്പോൾ വായ്പാ തുക തിരിച്ചടയ്ക്കാൻ കുടുബത്തോട് സഹായം ചോദിച്ചു.

ഇതെത്തുടർന്നുള്ള വൈരാഗ്യം മൂലം അവർ തന്നെ കേസിൽ കുടുക്കാൻ ശ്രമിച്ചു. അന്നും ഇപ്പോഴത്തേതിന് സമാനമായ വിഷമസ്ഥിതി നേരിട്ടു, അനുഭവിച്ചു. ഇതൊന്നും മാനസീകമായി തളർത്തിയിട്ടില്ല.പക്ഷെ ഇപ്പോൾ പുറത്തു പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങൾ മനസിന് വലിയ വിഷമം സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹം വാക്കുകൾ ചുരുക്കി.

പെന്തകോസ്ത് സഭ വിശ്വാസിയായ അബ്രാഹം ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിൽ തൽപരനെന്നും കഴിയാവുന്ന സഹായം ഇക്കൂട്ടർക്ക് എത്തിച്ചുനൽകുന്ന സ്വഭാവക്കാരനാണെന്നുമാണ് നാട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.