തൊടുപുഴ: വെളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തതിൽ അന്വേഷണം നടത്തും. കുട്ടിക്കർഷകരായ സഹോദരങ്ങൾ പോറ്റുന്ന 13 പശുക്കളാണ് ചത്തത്. പതിനേഴും പതിനഞ്ചും വയസുള്ള ജോർജിന്റേയും മാത്യുവിന്റേയും ഉടമസ്ഥതയിലുള്ള പശുക്കളാണ് ഇവ. മറ്റു അഞ്ചു പശുക്കളുടെ നില ഗുരുതരമായി തുടരുന്നു.

മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പശുക്കൾക്ക് അടിയന്തര ചികിത്സ നൽകി.കപ്പത്തൊണ്ട് കഴിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. എന്നാൽ വിശദ അന്വേഷണം നടത്തും. ഇൻഷ്വർ ചെയ്യാത്ത പശുക്കളാണ് മരിച്ചത്. അതുകൊണ്ട് തന്നെ കുടുംബത്തിന് പ്രതിസന്ധിയായി ഇത് മാറും. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ പശുക്കൾ ചത്തതിന് പിന്നിലുള്ള യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. എട്ടുമണിക്ക് ഇവരുടെ അമ്മ പശുക്കൾക്ക് തീറ്റ കൊടുത്തിരുന്നു. തുടർന്ന് പശുക്കൾ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. സഹോദരങ്ങൾ 20 പശുക്കളെയാണ് പോറ്റിയിരുന്നത്. ഇതിൽ 13 എണ്ണമാണ് ചത്തത്. ഗുരുതരാവസ്ഥയിലായ അഞ്ചു പശുക്കൾ മൃഗസംരക്ഷണ വകുപ്പിന്റെ ചികിത്സയിലാണ്.

മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു. 2021ലാണ് മാത്യുവിന് അവാർഡ് ലഭിച്ചത്. 2020 ഒക്ടോബറിലാണ് ഇവരുടെ പിതാവ് മരിച്ചത്. തുടർന്ന് പിതാവ് പരിപാലിച്ചിരുന്ന പശുക്കളുടെ ഉത്തരവാദിത്തം മക്കൾ ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിന്റെ ഉപജ്ജീവന മാർഗമാണ് പശുക്കൾ.