കണ്ണൂർ: കണ്ണൂർ കലക്ടറേറ്റിലുണ്ടായ പ്രതിഷേധത്തിനിടെ എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറായി. പ്രോട്ടോക്കോൾ ലംഘിച്ച് എസ്ഐ എംഎൽഎയോട് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.

കണ്ണൂർ ടൗൺ എസ്ഐ ഷമീലിനെതിരെ എം വിജിൻ എംഎൽഎയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇതിൽ അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. എസ്ഐ അപമാനിക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോക്കോൾ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോൾ മൈക്ക് തട്ടിപ്പറിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.

എംഎൽഎയാണെന്ന് അറിഞ്ഞില്ലെന്നാണ് എസ് ഐയുടെ മൊഴി. നേഴ്‌സിങ് സംഘടനാ നേതാവാണെന്ന് കരുതിയാണ് മൈക്ക് പിടിച്ചു വാങ്ങിയതെന്നും പറയുന്നു. എംഎൽഎയോട് തട്ടിക്കയറിയ കണ്ണൂർ ടൗൺ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

നഴ്‌സിങ് സംഘടനയുടെ പ്രകടനം കലക്ടറേറ്റിലേക്ക് എത്തിയപ്പോൾ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. എസ് ഐ, കെജിഎൻഎ ഭാരവാഹികൾ തുടങ്ങിയവരുടെ മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു.