- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിന് ശേഷമുള്ള തർക്കം കത്തികുത്തായി; 26കാരനെ കുത്തിക്കൊന്നത് 82കാരൻ; പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മതം; വിഷ്ണുവിനെ കൊന്ന് ആര്യങ്കോട്ടെ പാപ്പച്ചൻ എല്ലാം സമ്മതിക്കുമ്പോൾ
കണ്ണൂർ പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഅറസ്റ്റിലായി. ആര്യങ്കോട്ടെ പാപ്പച്ചനെ (82) ആണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് കോളനിയിലെ വിഷ്ണുവി(26)നെ വ്യാഴാഴ്ച രാത്രി കുത്തികൊന്നത് താനാണെന്ന് ചോദ്യം ചെയ്യലിൽ ഇരിട്ടി ഡിവൈ എസ് പിയോടും മറ്റ് ഉദ്യോഗസ്ഥരോടും പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി വിഷ്ണു കുത്തേറ്റ് മരിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് വിഷ്ണുവിന്റെ സമീപവാസിയായ പാപ്പച്ചനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി കൃത്യം ചെയ്തതായി സമ്മതിച്ചത്.
കുത്തികൊന്നത് താനാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു വെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച സന്ധ്യയോടെ മദ്യപിച്ചതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് കത്തികുത്തിൽ കലാശിച്ചത്. നെഞ്ചിന് കുത്തേറ്റ് വീട്ടിനകത്ത് കിടന്ന വിഷ്ണുവിനെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു.
പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ വീട്ടുപറമ്പിൽ സംസ്‌കരിച്ചു. സംഭവത്തിൽ ഇരിക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്