കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് നെല്ലാട് ആറാം വാർഡിൽ മഞ്ചനാട് മേപ്രത്തുചാലിൽ പാടശേഖരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൻ മാലിന്യശേഖരം. മഞ്ചനാട് തോടിന് ചേർന്നാണ് ലോഡ് കണക്കിന് പ്ലാസ്റ്റിക് -ആശുപത്രി മാലിന്യങ്ങളും , ജൈവ മാലിന്യങ്ങളും കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത് പരിസരവാസികളെ ദുരിതത്തിലാഴ്തിയിരിക്കുകയാണ്. ദുർഗന്ധം മൂലം കാൽനടക്കാർക്ക് പോലും നടക്കാൻ കഴിയില്ലെന്നതാണ് നിലവിലെ സ്ഥിതി.മഴ പെയ്യുമ്പോൾ ഇവിടെ നിന്നും മലിനജലം ഒഴുകിയെത്തി സമീപത്തെ കിണറുകളിലെ വെള്ളത്തിൽ കരുന്നതായും നാട്ടുകാർ ആരോപിച്ചു.

സമീപത്തെ കുറ്റിയേലി പാടം, പൊലിയാർ പാടശേഖരം മലിപ്പെടുന്നതിനും ഇവിടെ നിന്നുള്ള വെള്ളമൊഴുക്ക് കാരണമായിട്ടുണ്ട്.മഞ്ചനാട് വലിയ തോട്ടിലൂടെ ഒഴുകിയെത്തി മഞ്ചനാട്,പെരുംമുഴി വഴി മുവാറ്റുപുഴയാറിലും മാലിന്യം എത്തുന്നതിന് സാധ്യത നിലനിൽക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

ഇത് ശുദ്ധജല വിതരണ ശൃംഗലയെ ബാധിക്കുമെന്നും നാടിന് ഭീഷിണിയായ മാലിന്യകൂമ്പാരം അടിയന്തിരമായി നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.ട്വിന്റി-20 യാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനാണ് ഈ വർഡിനെ പ്രതിനിധീകരിക്കുന്നതെന്നും എന്നിട്ടും ഇത്തരത്തിലൊരു നീക്കത്തിനെതിരെ ഇതുവരെ നപടിയുണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്ന് ഉത്തരവാദിത്വപ്പെട്ടവർ വിശദീകരിക്കണമെന്നും ഇവിടുത്തുകാർ ആവശ്യപ്പെടുന്നു.

എത്രയും വേഗം മാലിന്യങ്ങൾ ഇവിടെ നിന്നും നീക്കം ചെയ്യണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളായി മുന്നോട്ടു പോകുമെന്നും ബിജെപി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ എസ് അറിയിച്ചു. ഇന്ന് മാലിന്യം സൂക്ഷിച്ചിട്ടുള്ള പ്രദേശം സന്ദർശിച്ചെന്നും സ്ഥിതിഗതികൾ ആശാങ്കാജനകമെന്നും ജനങ്ങളുടെ ദുരിതം അകറ്റാൻ അധികൃതർ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.