- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാളെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകളുടെ തിരച്ചില്‍; ചാലിയാര്‍ പുഴയുടെ 40 കി.മീറ്റര്‍ പരിധിയില്‍ ഒരേ സമയം മൂന്നുരീതിയിലും തിരച്ചില്‍
മേപ്പാടി: ഉരുള്‍പൊട്ടല്‍ താറുമാറാക്കിയ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ വെള്ളിയാഴ്ച മുതല്‍ 40 ടീമുകള്‍ 6 സോണുകളായി തിരിച്ച് തെരച്ചില്‍ നടത്തും. റവന്യൂ മന്ത്രി കെ രാജനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
പട്ടാളം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിന് പുറമെ വെള്ളിയാഴ്ച മുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച്
ഒരേസമയം മൂന്ന് രീതിയില്‍ തെരച്ചിലും തുടങ്ങും.
40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്ന് തെരയും. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും.
25 ആംബുലന്‍സ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍
മേപ്പാടി പോളിടെക്നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കളക്ടര്‍ പ്രത്യേക പാസ് നല്‍കും.
മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 6 നായകളാണ് തെരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും നാലു കഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീന് എന്നിവ ലഭ്യമാക്കും.
അതേസമയം, ഉരുള്‍പൊട്ടലില്‍, മരണസംഖ്യ 283 ആയി ഉയര്‍ന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 189 മരണങ്ങളാണ്. 85 പുരുഷന്മാരും 76 സ്ത്രീകളും 27 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്-പെണ് വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 225 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 96 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്ടില്‍ 91 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.