- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്‍ഷുറന്‍സ് തുക കൊടുക്കുന്നതില്‍ കാലതാമസം അരുത്; വയനാട് ദുരന്തത്തിലെ ഇരകളെ അതിവേഗം സഹായിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് കാലതാമസം കൂടാതെ അവശ്യസഹായം ലഭ്യമാക്കണമെന്ന് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.
എല്‍ഐസി, നാഷനല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കം കമ്പനികള്‍ക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി കൊടുക്കുന്നതിനാണ് കമ്പനികള്‍ എല്ലാ സാധ്യമായ പിന്തുണയും നല്‍കേണ്ടതെന്ന് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു.
വിവിധ ചാനലുകള്‍ വഴി( പ്രാദേശിക പത്രങ്ങള്‍, സോഷ്യല്‍ മീഡിയ, കമ്പനി വെബ്സൈറ്റുകള്‍, എസ് എം എസ് ) പോളിസി ഉടമകളെ ബന്ധപ്പെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ധാരാളം ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടെല്ലാം ബന്ധപ്പെടേണ്ട വിലാസം അടക്കം വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് കമ്പനികള്‍
ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവ് വരുത്തി. എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടാനും കമ്പനികള്‍ നടപടി ആരംഭിച്ചു. ഏകോപനത്തിന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ക്ലെയിം സ്റ്റാറ്റസ് ദിവസവും റിപ്പോര്‍ട്ടുചെയ്യുന്നതിന് പോര്‍ട്ടലും ആരംഭിക്കും.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജനയ്ക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തില്‍ വിതരണംചെയ്യാന്‍ എല്‍ഐസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം പോസ്റ്റില്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് എല്‍ഐസി നേരത്തെ അറിയിച്ചിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ തീര്‍പ്പാക്കാനായി എല്‍.ഐ.സി.യുടെ കോഴിക്കോട് ഡിവിഷന് ഓഫീസില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.