- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട് ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം പ്രളയ- പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23 തന്നെ നല്‍കിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടില്‍ ഇത്രയും വലിയ ദുരന്തമുണ്ടാകാന്‍ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണ് കോണ്‍ഗ്രസ്- സിപിഎം അംഗങ്ങള്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നും തെളിഞ്ഞിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതിരുന്നതെന്ന് മനസിലാകുന്നില്ല. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം.
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് സംസ്ഥാന സര്‍ക്കാര്‍ കാരണക്കാരായിരിക്കുകയാണ്. സംസ്ഥാനം നിസംഗത പുലര്‍ത്തിയതു കൊണ്ടാവണം ജൂലൈ 24നും 25നും കേന്ദ്രം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26ന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് ഞെട്ടിക്കുന്നതാണ്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടും അതിന് ഏറ്റവും സാധ്യതയുള്ള മേഖലകളില്‍ പോലും ഒരു നടപടിയുമുണ്ടായില്ലെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ബന്ധപ്പെട്ടവരെ മാറ്റി താമസിപ്പിക്കാനും വേണ്ട സ്ഥലങ്ങളില്‍ എന്‍ഡിആര്‍എഫിനെ വിനിയോഗിക്കുന്നതിലും സര്‍ക്കാര്‍ പാരാജയപ്പെട്ടുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
2016-ല്‍ ഇന്ത്യയില്‍ ആരംഭിച്ച മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം 2023-ഓടെ ഏറ്റവും ആധുനികമായ രീതി കൈവരിച്ചിരിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ 7 ദിവസം മുമ്പ് പ്രവചിക്കാന്‍ കെല്‍പ്പുള്ള 4 രാജ്യങ്ങള്‍ മാത്രമേ ലോകത്തുള്ളൂ, അതില്‍ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2000 കോടി രൂപയാണ് ഈ സംവിധാനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചത്. എന്നിട്ടും വയനാട്ടിലെ നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ സാധിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.