ബംഗളൂരു: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍, അതേസമയം ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 185 ആയി.

ഭീകരമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ ദുരന്തത്തില്‍ കര്‍ണാടകസ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായത് അതിലേറെ വേദനയുണ്ടാക്കിയെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുതിര്‍ന്ന രണ്ട് ഐഎഎസ് ഓഫീസറും ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിനെ വയനാട്ടിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖത്തുള്ളവരെ രക്ഷിക്കുകയെന്നതാണ് പ്രഥമ പരിഗണന. അപകടത്തില്‍പ്പെട്ട കര്‍ണാടക സ്വദേശികളെ സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ശ്രമമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.