ന്ത്യയുടെ ചൊവ്വാ പര്യവേക്ഷണത്തിന് ആശംസ നേർന്ന് കടലകൊറിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞന്മാരോട് നാസ ഫേസ്‌ബുക്കിലൂടെ തമാശ പറഞ്ഞത് മുൻപ് കൗതുകവാർത്ത ആയിരുന്നു. മംഗൾയാന്റെ വിക്ഷേപണത്തിന് ഇന്ത്യ തയ്യാറെടുത്തുകൊണ്ടിരുന്നപ്പോഴായിരുന്നു, ഈ കുസൃതി. കപ്പൽ നീറ്റിലിറക്കുമ്പോൾ ഷാംപെയ്ൻ പൊട്ടിക്കുന്നതുപോലെ ഒരു ആചാരമാണ്, നാസ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ സ്പേസ് സയന്റിസ്റ്റുകൾ കടല കൊറിക്കുന്നതും. അന്ന് ഈ നാസയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നപ്പോൾ, മംഗൾയാൻ വിക്ഷേപണത്തിനു മുമ്പ് ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ കടല കൊറിക്കുമോ അതോ ഉപവാസം അനുഷ്ഠിക്കുമോ എന്ന ഒരു ചർച്ച ഉയർന്നുവന്നു. അതല്ല, ചൊവ്വാഴ്ച വ്രതം അവസാനിപ്പിക്കാൻ ചെയ്യുന്നതുപോലെ പരിപ്പു കഴിക്കുകയാവും ചെയ്യുക എന്നു ചില വിരുതന്മാർ തമാശ പറഞ്ഞു. കൊറിക്കുന്നത് കടലയായാലും പരിപ്പായാലും വയറ്റിൽ മീഥെയ്ൻ വാതകം രൂപപ്പെടാൻ സാധ്യത കൂടുതലാണെന്ന് ചിലർ കടന്നുപറഞ്ഞു. മീഥെയ്ൻ വാതകത്തിന്റെ സാന്നിദ്ധ്യം അളക്കുന്ന ഉപകരണം മംഗൾയാന്റെ ഭാഗവുമാണല്ലോ!

ഇന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശുഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതകദശയിൽ ആറു ദശയിലും ചൊവ്വയുടെ സാന്നിധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസികളാകട്ടെ ഈ ദോഷം ഉള്ള ആൾക്ക് വിവാഹ ജീവിതത്തിൽ ഉൾപ്പെടെ നാശം കല്പിക്കുന്നു. പങ്കാളിയുടെ മരണമാണ് ഈ ദോഷജാതകത്തിൽ വിവക്ഷിക്കുന്നത്. ഇതിനു പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. മൂന്നു നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതായിരുന്നു കടലയ്ക്ക് പകരം പരിപ്പിനെ പ്രതിഷ്ഠിച്ച് ഇറങ്ങിയ സ്പൂഫുകൾക്കു നിദാനം.

ഏതായാലും കടല കൊറിക്കുകയോ പരിപ്പു കഴിക്കുകയോ ചെയ്തില്ലെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞർ ഈ വലിയ ശാസ്ത്രനേട്ടത്തിനു തയ്യാറെടുക്കുമ്പോഴും ഓരോ പ്രധാന ഘട്ടങ്ങൾ പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം കൈവിട്ടില്ല. അത്യധികം സൂക്ഷ്മതയോടെ നിർവ്വഹിക്കേണ്ട ഒട്ടേറെ ഘടകങ്ങൾ അടങ്ങുന്ന ഈ യത്നത്തിൽ ഉണ്ടാകാവുന്ന ഏതു പിഴവും സഹിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ തിരുപ്പതി വെങ്കിടേശ്വരനും പഴവങ്ങാടി ഗണപതിക്കും മുമ്പിൽ ശാസ്ത്രജ്ഞർ സാഷ്ടാംഗം പ്രണമിച്ചു. പിഎസ്‌എൽവിയുടെ മാതൃകയുമായി തിരുപ്പതിയിൽ പോയി ഭജനമിരിക്കാൻ ഐഎസ്ആർഒ ചെയർമാൻ രാധാകൃഷ്ണൻ തയ്യാറായി. ചൊവ്വയുടെ ഭ്രമണപഥത്തിൽ മംഗൾയാൻ പ്രവേശിക്കുമ്പോൾ പഴവങ്ങാടി ഗണപതിക്കു തേങ്ങയുടച്ച് പിഎസ്‌എൽവിയുടെ സൃഷ്ടാവ് നമ്പി നാരായണനും മന്ത്രി വി എസ് ശിവകുമാറും തൊഴുകൈകളോടെ നിന്നു.

ശാസ്ത്രനേട്ടങ്ങൾ മാറ്റിവച്ചാൽ ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വാദോഷത്തിന്റെ ഭാവിയാണ്. ആ ചൊവ്വയല്ല, ഈ ചൊവ്വ എന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകൻ ഡോ. എൻ ഗോപാലകൃഷ്ണൻ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രത്തിൽ ചൊവ്വ പണ്ടേ ഗ്രഹമാണെങ്കിൽ ജ്യോതിഷത്തിൽ ചൊവ്വ ഇപ്പോഴും നക്ഷത്രമാണ്.

ചൊവ്വാദോഷത്തിന്റെ പേരിൽ നടക്കുന്നതെല്ലാം കള്ളമാണെന്ന്‌ സ്വാമി സന്ദീപ്‌ ചൈതന്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചൊവ്വാ ദോഷം വിവാഹത്തിന്‌ തടസമല്ലെന്നും ചൊവ്വാദോഷം ഉണ്ടെന്ന്‌ പറയുന്നത്‌ തന്നെ അറിവില്ലായ്മയാണെന്നും ഇത്തരം വിശ്വാസത്തിന് ഒരു ശാസ്‌ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം പറയുന്നു. ജ്യോതിഷികൾ നടത്തുന്ന തട്ടിപ്പാണ്‌ ചൊവ്വാദോഷത്തിന്‌ പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇതുസംബന്ധിച്ച് ഇന്നു ഫേസ്‌ബുക്കിൽ കണ്ട രസകരമായ ഒരു പോസ്റ്റിൽ നിന്ന് എടുത്തെഴുതട്ടെ. കെ ജി ബിജു എന്ന ഫേസ്‌ബുക്ക് ഉപയോക്താവ് എഴുതി:

ജ്യോതിഷവിശ്വാസമനുസരിച്ച് 2, 4, 7, 8, 12 ഭാവങ്ങളിൽ സ്‌ത്രീജാതകത്തിൽ ചൊവ്വ നിന്നാൽ സംഗതി സീരിയസാണ്. സ്ത്രീജാതകത്തിൽ നിന്ന് ചൊവ്വയെ ഉന്തിത്തള്ളി പുറത്താക്കാൻ മംഗൾയാനിനു കഴിയുമോ എന്നാണ് ഫെമിനിസ്റ്റുകളുൾപ്പെടെ ഉറ്റുനോക്കുന്നത്. അതിൽത്തന്നെ അഷ്‌ടമത്തിലെ ചൊവ്വയ്ക്കാണത്രേ ഏറ്റവും ദോഷം. റിവേഴ്സ് ഓർഡറിൽ ദോഷം കുറഞ്ഞു വരും.
സ്‌ത്രീജാതകത്തിലെ 8 ലാണ് ചൊവ്വയെങ്കിൽ ഏഴിൽ പാപിയായ പുരുഷൻ വേണം. അഷ്‌ടമത്തിലെ ചൊവ്വയാണ് സ്‌ത്രീയെ ഭാഗ്യദോഷിയാക്കുന്നത്.

അങ്ങനെ വരുമ്പോൾ മംഗൾയാൻ ദൗത്യം പൂർണമാകണമെങ്കിൽ രണ്ടുകാര്യങ്ങളിൽ ശ്രദ്ധിക്കണം. ഒന്ന്, പെൺകുഞ്ഞുങ്ങളുടെ ജനനവേളയിൽ (ആർഷഭാരതത്തിലാണേ...) ചൊവ്വയെ അഷ്ടമത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരിക്കണം. രണ്ട്, എന്തെങ്കിലും നോട്ടപ്പിശകുകൊണ്ട് അതിനു കഴിയാതെ വന്നാൽ 1:1 എന്ന അനുപാതത്തിൽ പുരുഷസൃഷ്ടി സാധ്യമാകും വിധം ഏഴിൽ പാപത്തിനുള്ള ശുഭസ്ഥാനത്ത് അറ്റൻഷനായി നിൽക്കണം. ചൊവ്വയെക്കൊണ്ട് അതും നമ്മൾ തന്നെ ചെയ്യിക്കണ്ടേ... ഒരു പ്രായശ്ചിത്തമെന്ന നിലയ്ക്ക്?

"ഇന്ത്യ ചൊവ്വ കീഴടക്കി" എന്നൊക്കെ മത്തങ്ങാതലക്കെട്ടുകൾ വിരിഞ്ഞു നിരന്നു നിൽക്കുമ്പോൾ, ചൊവ്വ കാരണം വെണ്ണീറായതും കണ്ണീരിൽ കുതിർന്നതുമായ ജീവിതങ്ങളും സ്വപ്നങ്ങളുമുണ്ട്. ശാസ്ത്രസാങ്കേതികവിദ്യയുടെ ചെലവിൽ വിജൃംഭിക്കുന്ന ആർഷഭാരത മസിലുകൾ അതു കണ്ടില്ലെന്നു നടിക്കരുത് - ബിജു പറഞ്ഞ് അവസാനിപ്പിക്കുന്നു.

ഇതേ വിഷയം പങ്കുവയ്ക്കുന്ന ഒട്ടേറെ തമാശ പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ നിറയെ. പത്രപ്രവർത്തകൻ കൂടിയായ കെ ജെ ജേക്കബ് എഴുതുന്നു: "ചൊവ്വയിലെ അന്തരീക്ഷം ഇല്ലാതായിത്തീർന്നു എന്നൊരു തിയറിയുണ്ടല്ലോ. അങ്ങിനെ ചൊവ്വാ ദോഷം കാരണം അവിടെ ജീവിക്കാൻ വയ്യാതെ ഭൂമിയിലെത്തിയവരുടെ പിൻഗാമികളാണ് നമ്മളെങ്കിലോ? ഒരു തിരിച്ചു പോക്കാണെങ്കിലോ?"

സുനിൽ കൃഷ്ണൻ എന്ന മറ്റൊരു ഫേസ്‌ബുക്ക് ഉപയോക്താവ് ഇന്നലെ രാത്രിയിൽ ഇങ്ങനെ എഴുതി:

'മംഗൾയാനു' പിന്നിലുള്ള രാഷ്ട്രീയവും സാമ്പത്തികവും തൽക്കാലത്തേക്ക് മാറ്റി വയ്ക്കട്ടെ.. നാളെ രാവിലെ കൃത്യം 7:17:32 നു LAM കൃത്യമായി കത്തിക്കുകയും മംഗൾയാൻ സൂര്യന്റെ ആകർഷണവലയങ്ങളിൽ നിന്ന് പതിയെ പതിയെ തെന്നി മാറി 'ചൊവ്വ'യുടെ കരവലയങ്ങളിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ മാക്സിംഗോർക്കി പറഞ്ഞ പോലെ ഞാൻ പറയും... "ഹാ..മനുഷ്യൻ എത്ര സുന്ദരമായ പദം"..

എത്ര ദശലക്ഷം കിലോമീറ്ററുകൾക്കപുറമാണു ഇന്ന് മംഗൾയാൻ. പ്രപഞ്ചത്തിന്റെ അനന്തവിശാലതകളിലെവിടെയോ ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം നിറഞ്ഞ അനന്തതയിൽ... പക്ഷേ അതിന്റെ ഓരോ ചലനവും ഇങ്ങകലെ ഭൂമിയുടെ ഏതോ കോണിലിരിക്കുന്ന മനുഷ്യന്റെ വിരൽതുമ്പുകളിലാണു... അതാണു മനുഷ്യൻ...

ചൊവ്വ മംഗൾയാനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാവും... എന്താവും അത് മംഗൾയാനോട് ആദ്യം പറയുക? അത് മറ്റൊന്നുമല്ല...
"ദേ നോക്കിയേ..ഞാനൊരു പാവം ഗ്രഹമാണേ..ഭൂമിയിൽ നിങ്ങൾ വിചാരിക്കുന്ന ഒരു ദോഷവും എനിക്കില്ലേ... ഇനിയെങ്കിലും പാവപ്പെട്ട പെൺകുട്ടികളെ എന്റെ പേരും പറഞ്ഞ് പീഡിപ്പിക്കുന്നത് ഒഴിവാക്കണേ..."

ഇതൊക്കെയാണെങ്കിലും മാർസ് വൺ എന്ന കമ്പനി ചൊവ്വയിലേക്ക് പ്രഖ്യാപിച്ച ഉല്ലാസയാത്രയ്ക്ക് പേരു രജിസ്റ്റർ ചെയ്തവരിൽ മലയാളിയുമുണ്ടെന്നതാണ് വേറൊരു രസം. കണ്ണൂരിലെ ചൊവ്വയിലേക്കല്ല, ചൊവ്വ ഗ്രഹത്തിലേക്ക് തന്നെയാണ്, ഈ യാത്ര. കമ്പനി ഷോർട്ട് ലിസ്റ്റ് ചെയ്ത 705 യാത്രികരിൽ 44 പേർ ഇന്ത്യക്കാരാണ്. അതിൽ 27 പുരുഷന്മാരും 17 സ്ത്രീകളും പെടും. ഇക്കൂട്ടത്തിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയാണെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ആരാണ് ഇയാൾ എന്ന് ഇപ്പോഴും വ്യക്തമല്ല. 140 രാജ്യങ്ങളിൽ നിന്നായി ധാരാളം പേർ ചൊവ്വായാത്രയ്ക്ക്‌ അപേക്ഷ അയച്ചിരുന്നു. ഇന്ത്യയിൽ നിന്നു മാത്രം 20,000 അപേക്ഷകരാണുണ്ടായിരുന്നത്. അവരിൽ നിന്നാണ് 44 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തത്. 313 അമേരിക്കക്കാർ, 187 യൂറോപ്യന്മാർ, 136 ഏഷ്യക്കാർ, 41 ആഫ്രിക്കക്കാർ, 28 ഓഷ്യാനക്കാർ എന്നിങ്ങനെയാണ് പ്രദേശം തിരിച്ചുള്ള കണക്ക്. ഇതിൽ 418 പേർ പുരുഷന്മാരും 287 പേർ സ്ത്രീകളുമാണ്. ഏതായാലും ഒരു സ്വകാര്യ കമ്പനി ചൊവ്വയിലേക്ക് ടൂർ സംഘടിപ്പിക്കുമ്പോൾ കുറഞ്ഞ ചെലവിൽ ചൊവ്വയിലേക്ക്‌ ഉപഗ്രഹത്തെ എത്തിക്കാൻ കഴിഞ്ഞ ഐഎസ്ആർഒയുടെ മിടുക്ക് കാണാതെ പോകില്ല. മിക്കവാറും സ്പേസ് ടാക്സി ആവുക, നമ്മുടെ പിഎസ്‌എൽവിയോ ജിഎസ്‌എൽവിയോ മറ്റോ ആയേക്കും. ഇപ്പോ തീർന്നില്ലെങ്കിലും അപ്പോഴെങ്കിലും ചൊവ്വാദോഷം തീരുമെന്നു പ്രതീക്ഷിക്കാം.