- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം മമ്പാട് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ; ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു; യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവിന്റെ മർദ്ദനമെന്ന് ബന്ധുക്കൾ
മലപ്പുറം: യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ. മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ഷമീമിന്റെ ഭാര്യ സുൽഫത്തിനെ (25) യാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ സംശയമുണ്ടെന്നു കാണിച്ച് ബന്ധുവായ സക്കീർ ഹുസൈൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഭർത്താവ് ഷമീമി (32) നെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീം ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് പറയുന്നു. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ മർദനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ഇവരുടെ വീട്ടിൽ നിന്നു ഒച്ചയും ബഹളവും നിത്യസംഭവമായതിനാൽ ആരും ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നില്ല. സുൽഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാർ രാവിലെ കാണുമ്പോൾ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയിരുന്ന അവസ്ഥയിലാണ്. ശരീരത്തിൽ കയർ മുറുകിയതിന്റെ പാടുകൾ ഒന്നും കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്.
എന്നാൽ ദേഹത്ത് മറ്റു പരിക്കുകളുള്ളതായി പറയുന്നുണ്ട്. സുൽഫത്ത് ആത്മഹത്യ ചെയ്യില്ലെന്നു ബന്ധുക്കൾ ഉറപ്പിച്ചു പറഞ്ഞു. അതേ സമയം സുൽഫത്തിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി പറയുന്നു. പൂക്കോട്ടുമണ്ണ മുഞ്ഞക്കൽ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുൽഫത്ത്. അൽഹാന ഫാത്തിമ, മുഹമ്മദ് ഹയാൻ എന്നിവരാണ് മക്കൾ. മൃതദേഹം വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം പൂക്കോട്ടുമണ്ണ ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്