- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനയിറങ്ങൽ ബോട്ടിങ് കേന്ദ്രത്തിലും സമീപത്തെ ജലാശയത്തിലും ഭീതി വിതച്ച് 'ചക്കക്കൊമ്പൻ'; കാട്ടാനയെ വനപ്രദേശത്തേക്ക് തുരത്തി ഫോറസ്റ്റ് വാച്ചർ ശക്തിവേൽ
ഇടുക്കി: ആനയിറങ്ങൽ ബോട്ടിങ് കേന്ദ്രത്തിലും സമീപത്തെ ജലാശയത്തിലും ഭീതി വിതച്ച് കാട്ടാനയായ ചക്കക്കൊമ്പൻ. ഇന്ന് രാവിലെ 8 30 തോടെയാണ് നാട്ടുകാർ ചക്കക്കൊമ്പൻ എന്ന് പേരിട്ടിട്ടുള്ള കാട്ടു കൊമ്പനാന ബോട്ടിങ് കേന്ദ്രത്തിൽ ഇറങ്ങിയത്. നിരവധി പേരുടെ ജീവനെടുത്ത കാട്ടുകൊമ്പൻ പ്രദേശത്ത് നിലയുറപ്പിച്ചതോടെ ബോട്ടിങ് കേന്ദ്രത്തിലേയ്ക്കുള്ള പ്രധാന ഗെയിറ്റ് അടച്ച് ഇവിടേയ്ക്കുള്ള വിനോദ സഞ്ചാരികളെ പ്രവാഹം തടഞ്ഞു.
ഇടയ്ക്ക് വെള്ളത്തിൽ നിന്നും ആന കരയിലേയ്ക്ക് കയറിയെങ്കിലും കാര്യമായ നാശനഷ്ടം വരുത്തിയില്ല. വിവരമറിഞ്ഞ് ഫോറസ്റ്റ് വാച്ചർ ശക്തിവേൽ ഉടൻ സ്ഥലത്തെത്തി. എന്താടാ കാണിക്കുന്നത്. . . കയറിപ്പോടാ എന്നൊക്കെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് ശക്തിവേൽ ആനയെ 'നേരിട്ടത് '. കുറച്ചു നേരം ജലകേളികളിൽ ഏർപ്പെട്ട ശേഷം കൊമ്പൻ മറുകരയിലെ വനപ്രദേശത്തേയ്ക്ക് കയറിതോടെയാണ് വിനോദ സഞ്ചാര കേന്ദ്രം പൂർവസ്ഥിതിയിലായത്.
ബോട്ടിങ് കേന്ദ്രത്തിന് സമീപം ഇന്നലെ രാവിലെ റോഡിലിറങ്ങിയ ഈ കൊമ്പന്റെ മുന്നിൽപ്പെട്ട ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടിരുന്നു. ഈ സമയത്തും ശക്തിവേൽ ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. നിയന്ത്രണം തെറ്റി മറിഞ്ഞ ബൈക്കിൽ മുണ്ട് കുടുങ്ങിയതിനാൽ ഓടിച്ചിരുന്ന യുവാവിന് ഓടി രക്ഷപെടാൻ കഴിഞ്ഞിരുന്നില്ല. ഒച്ച വച്ച് ആനയുടെ ശ്രദ്ധ മാറ്റിയാണ് ശക്തിവേൽ ഇയാളുടെ ജീവൻ രക്ഷിച്ചത്.
നിരവധി പേരുടെ ജീവനെടുത്തിട്ടുള്ള ചക്കക്കൊമ്പൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനയിറങ്ങൽ ഭാഗത്ത് എത്തുന്നുണ്ട്. പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്നും വാഹന യാത്രക്കാർ ശ്രദ്ധിച്ച് കടന്നുപോകണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.