കോതമംഗലം: ആനകൾ തമ്മിൽ പോരടിച്ചതിനെ തുടർന്ന് പിടിയാനയ്ക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന വന മേഖലയിൽ പന്തപ്ര - മാമലക്കണ്ടം റോഡിനു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി.

പന്തപ്ര - മാമലക്കണ്ടം റോഡിൽ നിരന്നപാറയിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. മറ്റ് ആനകളുമായി ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. ആനകളെ ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നുണ്ട്. കുട്ടമ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

ജനപ്രതിനിധികളായ സിബി കെ എ സൽമാ പരീത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിൻസി, വി ഇ ഒ ബാവ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. താമസിയാതെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും. ആ നയുടെ ജഡം കണ്ടെത്തിയതിന് സമീപത്ത് ആനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഏറെ ഭീതിയോടെയാണ് തങ്ങൾ നടപടികൾ പൂർത്തിയാക്കുന്നതെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. ആനക്കൂട്ടം തമ്പടിച്ചിട്ടുള്ളതിനാൽ രാവിലെ മുതൽ ആനയുടെ ജഡം കണ്ടെത്തിയ ഭാഗത്തേയ്ക്ക് പുറമെ നിന്നും ആരെയും കയറ്റി വിട്ടിരുന്നില്ല.