ഗൂഡല്ലൂർ: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവർഷോലയിലെ ഉമ്മുസൽമയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസർ ആർ.പി. സുജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതൽ ഗൂഡല്ലൂരിലെ ജൂവലറിയിൽനിന്ന് പൊലീസ് കണ്ടെത്തി.

ഉമ്മുസൽമയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ നവംബറിലാണ് സംഭവം. പുൽപറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസൽമ അലിയുടെ വീട്ടിലെത്തിയത്. 14 ദിവസം ജോലിയെടുത്ത ഇവർ വീട്ടുകാരോട് ഭർത്താവ് മരിച്ചതായി അറിയിച്ച് ഗൂഡല്ലൂരിലേക്ക് പോയി.

പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് അലമാരക്ക് മുകളിൽ സൂക്ഷിച്ച എട്ടുപവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി വീട്ടുകാർ അറിഞ്ഞത്. താലിമാല, പാദസരം, വള എന്നിവയാണ് നഷ്ടമായത്. തുടർന്ന് മഞ്ചേരി പൊലീസിൽ പരാതി നൽ കുകയായിരുന്നു.