പാലക്കാട്: ചിറ്റൂർ പെരുവെമ്പിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം 'റിഥ'ത്തിൽ നർമദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11-ന് സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനിൽ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു. രണ്ടുവർഷം ഒരുമിച്ച് താമസിച്ച ഇവർ കഴിഞ്ഞമാസമാണ് വിവാഹിതരായത്. അച്ചനും അമ്മയും മരിച്ച നർമദയ്ക്ക് അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്.

പാലക്കാട്ടെ ചേരിപ്രദേശത്തു വളർന്ന നർമദ പഠിച്ച്, ദുബായിൽ ഫ്ലൈ എമിറേറ്റ്സ് വിമാനക്കമ്പനിയിൽ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തിൽ പെരുവെമ്പിൽ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു. ഭർത്താവുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു.